ശാസ്താംകോട്ട: തുടർച്ചയായ രണ്ട് രാത്രികളിൽ മൂന്ന് വീടുകളിൽ മോഷണവും ആറ് വീടുകളിൽ മോഷണശ്രമവും നടന്ന സംഭവങ്ങളിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സ്ഥിരം മോഷ്ടാക്കളെ നിരീക്ഷിച്ചും അന്വേഷണം നടത്തിയും കേസിന് തുമ്പുണ്ടാക്കാനുള്ള യത്നത്തിലാണ് പൊലീസ്. മൈനാഗപ്പള്ളി പഞ്ചായത്തിലെ കിഴക്കേക്കരയിലെ അഞ്ച് വീടുകളിൽ വ്യാഴാഴ്ച രാത്രിയും ശൂരനാട് പടിഞ്ഞാറ്റം മുറിയിലെ നാല് വീടുകളിൽ വെള്ളിയാഴ്ച രാത്രിയുമാണ് കള്ളൻ കയറിയത്. മൈനാഗപ്പള്ളിയിലെ വീടുകളിൽനിന്ന് നാല് പവനും ശൂരനാട് വടക്ക് പഞ്ചായത്തിലെ വീടുകളിൽനിന്ന് നാലര പവനുമാണ് അപഹരിക്കപ്പെട്ടത്. എല്ലാ വീടുകളിലും അടുക്കള വാതിൽ തകർത്താണ് മോഷ്ടാക്കൾ കയറിയത്. മോഷണ രീതിയിലെ ഈ സമാനത പൊലീസ് വിശകലന വിധേയമാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ സീസണിൽ ശൂരനാട് വടക്ക്, പോരുവഴി പഞ്ചായത്തുകളിൽ സമാന രീതിയിൽ മോഷണപരമ്പര അരങ്ങേറിയിരുന്നു. ശൂരനാട് വടക്ക് കണ്ണമത്തെ അഞ്ച് വീടുകളിൽനിന്ന് 128 ഗ്രാം സ്വർണവും 10,000 രൂപയും കവർന്ന നാലംഗസംഘത്തെ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽനിന്ന് കഴിഞ്ഞ ഡിസംബർ 23ന് ശൂരനാട് പൊലീസ് പിടികൂടിയിരുന്നു. മോഷണസംഘത്തെ പിടികൂടാൻ എല്ലാ ശ്രമങ്ങളും നടത്തുന്നതായി ശാസ്താംകോട്ട സി.ഐ വി.എസ്. പ്രശാന്തും ശൂരനാട് എസ്.ഐ വി. രജീഷ്കുമാറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.