സെക്രേട്ടറിയറ്റ് സമരങ്ങൾ പെൻഷൻ പരിഷ്കരണ ഉത്തരവുകൾ നടപ്പാക്കുന്നില്ല- കെ. മുരളീധരൻ തിരുവനന്തപുരം: മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പെടെ ഉമ്മൻ ചാണ്ടി സർക്കാർ പുറത്തിറക്കിയ പെൻഷൻ പരിഷ്കരണ ഉത്തരവുകൾ പിണറായി സർക്കാർ നടപ്പാക്കുന്നില്ലെന്ന് കെ. മുരളീധരൻ എം.എൽ.എ. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗജന്യ ചികിത്സ പദ്ധതി നടപ്പാക്കുക, പെൻഷൻ പരിഷ്കരണ കുടിശ്ശിക ഒറ്റത്തവണയായി നൽകുക, ഉത്സവബത്ത പെൻഷൻകാർക്കും നൽകുക, മുഴുവൻ പെൻഷൻ സർവിസ് കാലദൈർഘ്യം 25 വർഷമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ല പ്രസിഡൻറ് വി. ബാലകൃഷ്ണൻ, സെക്രട്ടറി തെങ്ങുംകോട് ശശി എന്നിവർ സംസാരിച്ചു. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിനാവില്ല, വിശാലമുന്നണി രൂപവത്കരിക്കണം -ടി.ജെ. ചന്ദ്രചൂഡൻ തിരുവനന്തപുരം: ദേശീയതലത്തിൽ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിനാവാത്തതിനാൽ വിശാലമുന്നണി രൂപവത്കരിക്കണമെന്ന് ആർ.എസ്.പി ജനറൽ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡൻ. കേരള കൺസ്ട്രക്ഷൻ ലേബേഴ്സ് യൂനിയൻ (യു.ടി.യു.സി ) സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെൻറിൽ പ്രതിപക്ഷ മുഖമായ സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് അയക്കാതിരുന്ന സി.പി.എം നിലപാട് ശരിയായില്ല. രാജ്യത്തും സംസ്ഥാനത്തും ഇടതുമുന്നണി സംവിധാനം ശിഥിലമായി. സംസ്ഥാന സർക്കാറിലെ ഘടകകക്ഷികളെ സി.പി.എം വേണ്ട വിധം പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, സത്യപാലൻ, എ. സനൽ കുമാർ, തോമസ് ജോസഫ് എന്നിവർ സംസാരിച്ചു. ചുമട്ടുതൊഴിലാളി ഫെഡറേഷൻ സെക്രട്ടേറിയറ്റ് ധർണ നടത്തി തിരുവനന്തപുരം: ചുമട്ടുതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) നടത്തിയ സെക്രട്ടേറിയറ്റ് ധർണ സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ജില്ല കമ്മിറ്റിയിൽ രാഷ്ടീയ പ്രതിനിധികളെ ചെയർമാൻമാരായി നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, മെച്ചപ്പെട്ട ക്ഷേമ ബോർഡ് ആനുകൂല്യങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. കെ.പി. ശങ്കരദാസ്, എം. രാധാകൃഷ്ണൻ നായർ, പൂവച്ചൽ ഷാഹുൽ, പി.എസ്. നായിഡു, കെ. നിർമലകുമാർ, ഡി. റ്റൈറ്റസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.