വിളപ്പിൽ: മക്കൾ കൈവിട്ട് വയോജന കേന്ദ്രത്തിെൻറ നാലു ചുവരുകൾക്കുള്ളിൽ വാർധക്യകാലം അടയ്ക്കപ്പെട്ട അമ്മമാരെ കാണാൻ കൈ നിറയെ സമ്മാനങ്ങളുമായി വിദ്യാർഥികളെത്തി. കലവറയില്ലാത്ത സ്നേഹത്തിന് സ്വന്തം ബന്ധങ്ങളുടെ വേരുകൾക്കായില്ലെങ്കിലും ദൈവം കൈവിടില്ലെന്ന തിരിച്ചറിവിൽ കുരുന്നുകളെ സ്വീകരിച്ച് അമ്മമാരും. ലോക വയോജന ദിനത്തിൽ മാതൃവാത്സല്യത്തിെൻറ മധുരം നുകരാൻ ഉറിയാക്കോട് നെടിയവിള സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റിയുടെ വയോജന കേന്ദ്രത്തിലേക്കാണ് പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലെ കുട്ടികൾ കൈനിറയെ സമ്മാനങ്ങളും മനസ്സ് നിറയെ സ്നേഹവുമായി എത്തിയത്. തങ്ങൾക്കരികിലേക്ക് ഓടിയെത്തിയ കുഞ്ഞുങ്ങളെ തഴുകാനും തലോടാനും സത്യാന്വേഷണയിലെ അമ്മമാരും മത്സരിച്ചു. വിധി നഷ്ടപ്പെടുത്തിയ, ജീവിതത്തിൽ പലപ്പോഴും കൊതിച്ച അപൂർവ നിമിഷത്തിെൻറ പൂർണതയായിരുന്നു അവർക്കത്. കണ്ടുനിന്നവരുടെ കണ്ണുനിറച്ച സ്നേഹ സംഗമം. അനാഥത്വം മറന്ന ഇത്തിരി നേരത്ത് അമ്മമാരുടെ കണ്ണിനീര് പൊടിഞ്ഞു. വാർധക്യത്തിെൻറ മനസ്സറിയാൻ, സ്നേഹം പകർന്ന് ചാരത്തണയാൻ ലോക വയോജന ദിനത്തിൽ ഒരു ശരണാലയത്തിലേക്ക് പോകണമെന്ന കുട്ടികളുടെ ആഗ്രഹം സ്കൂൾ അധികൃതർ അനുവദിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് അവർ അമ്മമാർക്ക് സമ്മാനിക്കാൻ വിഭവ ശേഖരണം നടത്തി. ഭക്ഷ്യവസ്തുക്കൾ, പുതുവസ്ത്രങ്ങൾ അങ്ങനെ ഒരുപാട് സമ്മാനങ്ങൾ. കുട്ടികളിലെ സഹജീവി സ്നേഹത്തിന് സ്കൂൾ മാനേജർ ആനന്ദ് കണ്ണശയും പ്രിൻസിപ്പൽ ഡോ. രാജേന്ദ്രബാബുവും പി.ടി.എ പ്രസിഡൻറ് പി.എസ്. പ്രേം കുമാറും അധ്യാപിക ശ്രീദേവിയും പൂർണ പിന്തുണ നൽകി. സത്യാന്വേഷണയിലെ അമ്മമാർക്ക് മാനേജ്മെൻറ് വക ഓണക്കോടികളും സ്കൂളിലെ നന്മ പ്രതിമാസ പെൻഷൻ നൽകാനും തീരുമാനിച്ചു. കണ്ണശയിലെ ബാല്യങ്ങൾ വിരുന്നുകാരായി എത്തുന്നതറിഞ്ഞ് അവരെ വരവേൽക്കാൻ സത്യാന്വേഷണ ഭാരവാഹികളും തയാറായി. പ്രസിഡൻറ് ഡോ.വി.കെ. മോഹനൻ, സെക്രട്ടറി കെ. മുരളീധരൻ, ഭാരവാഹികളായ ചന്ദ്രൻ നായർ, ജനാർദനൻ നായർ, ശൈലേഷ് എന്നിവർ ചേർന്ന് കുട്ടികളെ സ്വീകരിച്ചു. രാവിലെ മുതൽ ഉച്ചവരെ അമ്മമാരും കുട്ടികളും കുശലം പറഞ്ഞും പാട്ടുകൾ പാടിയും ചെലവഴിച്ചു. ഒടുവിൽ കുട്ടികൾ യാത്ര പറഞ്ഞിറങ്ങിയപ്പോൾ ആ അമ്മമിഴികൾ വീണ്ടും നനഞ്ഞു. ഇക്കുറി ലാളിച്ചു കൊതി തീരും മുമ്പ് കുരുന്നുകൾ പടിയിറങ്ങിയ നൊമ്പരമായിരുന്നു ആ മുഖങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.