കെ.എസ്​.ആർ.ടി.സി സർവിസുകൾ റദ്ദാക്കൽ; നെടുമങ്ങാട് യാത്രാക്ലേശം രൂക്ഷമെന്ന്

നെടുമങ്ങാട്: താലൂക്കിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ റദ്ദാക്കിയതിലൂടെ യാത്രാക്ലേശം രൂക്ഷമായതായി ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയനും നഗരസഭ കൗൺസിലർ കെ.ജെ. ബിനുവും ആരോപിച്ചു. താലൂക്കിലെ മലയോരപ്രദേശങ്ങളും നെടുമങ്ങാടിനെ തിരുവനന്തപുരവുമായി ബന്ധിപ്പിക്കുന്ന ഒട്ടനവധി സർവിസുകളും റദ്ദാക്കിയതിലൂടെ യാത്രാക്ലേശം രൂക്ഷമായി. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ ബസുകളുടെ കുറവുകാരണമാണ് സർവിസുകൾ റദ്ദാക്കിയതെന്നും പുതിയ ബസ് വന്നാൽ മാത്രമേ സർവിസ് പുനരാരംഭിക്കുവാൻ കഴിയൂ എന്നുമാണ് അറിയിച്ചത്. ഷെഡ്യൂളുകൾ വെട്ടിക്കുറച്ചും ബസുകൾ കട്ടപ്പുറത്തായും നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോ തകർച്ചയിലാണ്. ഡിപ്പോയിൽനിന്നുള്ള 150ഓളം ട്രിപ്പുകളാണ് ദിനവും റദ്ദാക്കുന്നത്. 74 ഷെഡ്യൂളുകളിൽ 70 വരെ നടത്തിയിരുന്നതിൽനിന്ന് നിലവിൽ 67 ഷെഡ്യൂളുകളിൽ 55 എണ്ണം പോലും തികച്ച് നടത്തുന്നില്ല. പ്രതിദിനം ഏഴു ലക്ഷം രൂപയുടെ കലക്ഷനുണ്ടായിരുന്നിടത്ത് അഞ്ചരലക്ഷത്തിന് താഴെയായി ഇപ്പോൾ. ഇരിഞ്ചയം, മീൻമുട്ടി, വെള്ളക്കെട്ട് പാറ, മലമുകൾ പുളിച്ചാമലി- വിതുര, ചെന്തുപ്പൂര് -വട്ടപ്പാറ, പരുത്തിക്കുഴി, പനയമുട്ടം, പേരയം ട്രിപ്പുകൾ ഉപേക്ഷിച്ചമട്ടാണ്. ദിവസവും സർവിസ് നടത്താൻ 62 ബസുകൾ വേണ്ടിടത്ത് 52 ബസുകളേ ഉള്ളൂ. ഇതിൽ ഏറെയും കട്ടപ്പുറത്താണ്. ഈ വിഷയത്തിൽ അടിയന്തരമായി താലൂക്കിലെ എം.എൽ.എമാർ ഇടപെടണമെന്നും നെടുമങ്ങാട് കാട്ടാക്കട ഡിപ്പോയിലേക്ക് പുതിയ ബസുകൾ അനുവദിപ്പിക്കാനുള്ള നടപടി എടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.