ജി.എസ്.ടി വന്നപ്പോൾ കേന്ദ്രം നികുതിയിളവ് പിൻവലിച്ചു; പൊലീസ്​ കാൻറീനുകൾ പൂട്ടുന്നു

കൊല്ലം: കേന്ദ്ര സർക്കാർ നികുതിയിളവ് പിൻവലിച്ചതോടെ സംസ്ഥാനത്തെ സെൻട്രൽ പൊലീസ് കാൻറീനുകളുടെ (സി.പി.സി) പ്രവർത്തനം പ്രതിസന്ധിയിൽ. പുതുതായി സാധനങ്ങൾ എടുക്കാത്തതിനാൽ മിക്ക കാൻറീനുകളുടെയും പ്രവർത്തനം നിർത്തേണ്ട സാഹചര്യമാണ്. ജി.എസ്.ടി പ്രാബല്യത്തിലായതോടെയാണ് കേന്ദ്ര സർക്കാർ നികുതിയിളവ് പൂർണമായും പിൻവലിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​െൻറ പരിധിയിൽ പാരാമിലിറ്ററി ഫോഴ്സിൽ ഉൾപ്പെടുത്തിയാണ് കാൻറീനുകൾക്ക് നികുതിയിളവ് നൽകിയിരുന്നത്. എന്നാൽ ജി.എസ്.ടിയുടെ മറവിൽ എകപക്ഷീയമായി നികുതിയിളവ് ഒഴിവാക്കുകയായിരുന്നു. എന്നാൽ മിലിറ്ററി കാൻറീനുകളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. പൊതുവിപണിയിൽ ലഭിക്കുന്ന വിലയ്ക്കാണ് പൊലീസ് കാൻറീനിൽ ഇപ്പോൾ സാധനങ്ങൾ നൽകുന്നത്. 2011ലാണ് കേരളത്തിൽ പൊലീസ് കാൻറീൻ ആരംഭിച്ചത്. സംസ്ഥാനത്ത് 16 സ്ഥലങ്ങളിൽ ഇപ്പോൾ കാൻറീനുണ്ട്. നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഇവിടെ നിത്യോപയോഗ സാധനങ്ങൾ, ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോൺ തുടങ്ങി എല്ലാവിധ ഉൽപന്നങ്ങളും ലഭ്യമായിരുന്നു. പൊതുവിപണിയെക്കാൾ 20 മുതൽ 40 ശതമാനം വരെ വിലക്കിഴിവിലാണ് സാധനങ്ങൾ വിറ്റിരുന്നത്. നികുതിയിളവ് ഒഴിവാക്കിയതോടെ കാൻറീനുകളിൽ പുതുതായി സാധനങ്ങൾ വാങ്ങിയിട്ടില്ല. ഇതുകാരണം ഇവയുടെ പ്രവർത്തനം തുടരാൻ കഴിയാത്ത അവസ്ഥയാണ്. 2000 രൂപ നൽകി കാൻറീൻ സ്മാർട്ട് കാർഡ് എടുത്തവരിൽ പൊലീസുകാർക്ക് ഒരു വർഷം ഇലക്േട്രാണിക് സാധനങ്ങൾ ലക്ഷം രൂപക്കും നിത്യോപയോഗ സാധനങ്ങൾ മാസം 6000 രൂപക്കും വാങ്ങാം. പൊലീസ് ഓഫിസർമാർക്ക് ഒന്നര ലക്ഷം രൂപയാണ് വാർഷിക പരിധി. ഒാരോ കാൻറീനി​െൻറയും ചുമതല ക്യാമ്പ് കമാൻഡർമാർക്കാണ്. കാൻറീനുകളുടെ മേൽനോട്ടം പൊലീസ് വെൽഫെയർ ബ്യൂറോക്കാണ്. ഡി.ജി.പി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനാണ് കാൻറീനി​െൻറ മൊത്തത്തിലുള്ള ചുമതല. കാൻറീനുകളിൽ ലഭിച്ചിരുന്ന നികുതിയിളവ് പൊലീസുകാർക്ക് ആശ്വാസമായിരുന്നു. ഇത് നിർത്തലാക്കിയതോടെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നത് ഇടത്തരക്കാരായ പൊലീസ് കുടുംബങ്ങളാണ്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.