കായൽ സംരക്ഷണത്തിന്​ ഹൈകോടതി ഇടപെടൽ

കൊച്ചി: കേരളത്തിലെ തണ്ണീർത്തടങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ ഹൈകോടതി ഇടപെടൽ. തണ്ണീർത്തടങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി തീർപ്പാക്കിയ സുപ്രീം കോടതി ഉത്തരവി​െൻറ അടിസ്ഥാനത്തിലാണ് വിഷയം ഹൈകോടതി സ്വമേധയാ ഹരജിയായി സ്വീകരിച്ചത്. ഹൈകോടതിയുടെ അധികാര പരിധിയിൽ വരുന്ന സംസ്ഥാനത്തെ അഷ്ടമുടി കായല്‍, ശാസ്താംകോട്ട കായല്‍, വേമ്പനാട്ടു കായല്‍ എന്നിവയുടെ സംരക്ഷണമാണ് കോടതി പരിഗണിക്കുന്നത്. തണ്ണീര്‍ത്തട സംരക്ഷണത്തിന് കേന്ദ്ര തണ്ണീർത്തട നിയന്ത്രണ അതോറിറ്റി (സി.ഡബ്ല്യു.ആര്‍.എ) രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് എം.കെ. ബാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതി ഉത്തരവുണ്ടായത്. ഹരജിയിൽ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സ്വമേധയാ പൊതുതാല്‍പര്യ ഹരജിയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി ഹൈകോടതി ചീഫ് ജസ്റ്റിസിന് നിര്‍ദേശം നല്‍കിയിരുന്നു. 1971ലെ റാംസര്‍ കണ്‍വെന്‍ഷനില്‍ രേഖപ്പെടുത്തിയ 26 തണ്ണീർത്തടങ്ങളാണ് സംരക്ഷണ പട്ടികയില്‍ വരുന്നത്. കാലം കഴിയുന്തോറും തണ്ണീർത്തടങ്ങള്‍ അപ്രത്യക്ഷമാവാന്‍ വരെ സാധ്യതയുണ്ടെന്ന് 2017 ഫെബ്രുവരി എട്ടിന് കേസ് പരിഗണിക്കവേ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. തണ്ണീർത്തട സംരക്ഷണത്തിന് 945.95 കോടി രൂപ ചെലവഴിച്ചതായാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ഇത്രയും രൂപ ചെലവഴിച്ചിട്ടും തണ്ണീർത്തട സംരക്ഷണത്തിനായി താഴേത്തട്ടിൽ പോലും ഒന്നും ചെയ്യാനായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നതിന് പകരം പൊതുവായ ചില പ്രവര്‍ത്തനങ്ങളാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു. റാംസര്‍ കണ്‍വെന്‍ഷനില്‍ ഉള്‍പ്പെടുന്ന തണ്ണീർത്തടങ്ങൾ അന്താരാഷ്ട്ര പൈതൃകവുമായി ബന്ധപ്പെട്ടതാണെന്നും സംരക്ഷണത്തില്‍ പ്രത്യക്ഷമായ പുരോഗതിയുണ്ടാവുന്നതു വരെയെങ്കിലും ഹൈകോടതി നിരീക്ഷണത്തിലായിരിക്കണം പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.