പ്രേംനസീര്‍ പുരസ്‌കാരവിവാദം; രണ്ട് അവാര്‍ഡുകള്‍ നല്‍കി പ്രശ്‌നംപരിഹരിക്കാന്‍ നീക്കം

ആറ്റിങ്ങല്‍: ഒരേവേദിയില്‍ രണ്ട് അവാര്‍ഡുകള്‍ നല്‍കി പ്രേംനസീര്‍ പുരസ്‌കാരവിവാദം പരിഹരിക്കാൻ നീക്കം. ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ച പ്രേംനസീര്‍ പുരസ്‌കാരം ടി.പി. മാധവനും പ്രേംനസീര്‍ അനുസ്മരണ കമ്മിറ്റിയുടെ പുരസ്‌കാരം പഴയകാലനടിക്കും ഒരേവേദിയില്‍ സമ്മാനിക്കാനാണ് അനൗദ്യോഗികമായി ഭാരവാഹികള്‍ തീരുമാനിച്ചത്. ബുധനാഴ്ച ചേരാനിരുന്ന പ്രേംനസീര്‍ അനുസ്മരണ കമ്മിറ്റി യോഗം അവസാനനിമിഷം റദ്ദാക്കി. വിവാദത്തെ പ്രതിരോധിക്കാന്‍ വ്യക്തമായ ബദല്‍ തീരുമാനിച്ചതിന് ശേഷം മാത്രം യോഗംചേര്‍ന്നാല്‍ മതിയെന്ന തീരുമാനത്തിലാണ് ബുധനാഴ്ച ഉച്ചക്കുള്ള യോഗം റദ്ദാക്കിയത്. ബുധനാഴ്ച ഉച്ചക്ക് യോഗം ചേര്‍ന്ന് അവാര്‍ഡ് ജേതാവിനെ തീരുമാനിക്കാനും വൈകുന്നേരം വാര്‍ത്തസമ്മേളനം നടത്തി പ്രഖ്യാപിക്കാനുമാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ആദ്യമുയര്‍ന്ന ചോദ്യങ്ങളെ ആര്‍ജവത്തോടെ നേരിട്ട നേതൃത്വം ജനങ്ങളുടെ ഇടയില്‍ നിന്നുള്ള എതിര്‍പ്പ് ശക്തമായതോടെ പ്രതിരോധത്തിലാവുകയായിരുന്നു. ടി.പി. മാധവ​െൻറ പ്രതികരണം കൂടി വന്നതോടെ സംഘാടകരിലും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ച പ്രേംനസീര്‍ പുരസ്‌കാരം ടി.പി. മാധവനും അനുസ്മരണ കമ്മിറ്റിയുടെ പുരസ്‌കാരം പഴയകാല നടിക്കും ഒരേ വേദിയില്‍ സമ്മാനിക്കുക, പഞ്ചായത്തി​െൻറ പുരസ്‌കാരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും അനുസ്മരണ കമ്മിറ്റിയുടെ പുരസ്‌കാരം ശാര്‍ക്കര മൈതാനിയിലും സമ്മാനിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്. അടുത്തവര്‍ഷത്തെ അവാര്‍ഡായി മുന്‍കൂട്ടി പ്രഖ്യാപിച്ച് ്‌നല്‍കിയാല്‍ അവാര്‍ഡ് തുകയായ അരലക്ഷം രൂപ പഞ്ചായത്ത് ഫണ്ടില്‍നിന്ന് ലഭ്യമാക്കാന്‍ കഴിയും. അതൊഴിവാക്കി അനുസ്മരണ കമ്മിറ്റിയുടെ പുരസ്‌കാരത്തിനുള്ള കാഷ് പ്രൈസ് പുറത്ത് നിന്നും സംഘടിപ്പിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. ഔദ്യോഗികമായ തീരുമാനമായില്ലെങ്കിലും ഇരു അവാര്‍ഡുകളും ഒരേവേദിയില്‍ നൽകാനുള്ള നിർദേശത്തിനാണ് നിലവില്‍ മുന്‍ഗണന. അടുത്ത ദിവസങ്ങളില്‍ തന്നെ ഇത് സംബന്ധിച്ച് പ്രഖ്യാപനവും അനുസ്മരണ കമ്മിറ്റിയുടെ പ്രഖ്യാപനവും ഉണ്ടായേക്കും. 14ന് ശാര്‍ക്കര മൈതാനിയില്‍ പുരസ്‌കാര വിതരണം നടത്താനുള്ള സാധ്യത നേതൃത്വം ആരായുന്നുണ്ട്. അനുസ്മരണ കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള അവാര്‍ഡ് ജേതാവ് ഈ തീയതിക്ക് എത്താമെന്ന് ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.