നഗരത്തിലെ കു​ടി​വെ​ള്ള​ക്ഷാ​മം: നെ​യ്യാ​റി​ലെ വെള്ളം എ​ത്തി​ക്കാ​ൻ ന​ട​പ​ടി

തിരുവനന്തപുരം: തലസ്ഥാനനഗരത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടാൻ നെയ്യാർ അണക്കെട്ടിലെ വെള്ളം കൊണ്ടുവരുന്ന പദ്ധതിക്ക് മന്ത്രിസഭ യോഗം അനുമതിനൽകി. നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന രണ്ട് ഡാമുകളിലും ജലനിരപ്പ് ആശങ്കജനകമായി താഴ്ന്ന സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നെയ്യാർ ജലം കൊണ്ടുവരാനാണ് പദ്ധതി. ഡാമില്‍ ഉള്‍പ്പെട്ട കാപ്പുകാടുനിന്ന് അരുവിക്കരയിലേക്ക് വെള്ളം പമ്പ് ചെയ്യും. ഇതിനായി ആവശ്യമായ തുക വിനിയോഗിക്കാനും മന്ത്രിസഭ അനുമതിനൽകി. ഡ്രഡ്ജര്‍ എത്തിച്ചാണ് നെയ്യാറിൽനിന്ന് വെള്ളം പമ്പ് ചെയ്യുക. അരുവിക്കരയിൽ ശുദ്ധീകരണ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യാൻ േഫ്ലാട്ടിങ് പമ്പ് സ്ഥാപിക്കും. ആഴമുള്ള സ്ഥലത്തേക്ക് നീക്കി പമ്പ് ചെയ്യാൻ വേണ്ടിയാണിത്. മന്ത്രിസഭ യോഗത്തിന് ശേഷം ഉദ്യോഗസ്ഥ യോഗം വിളിച്ച് ആവശ്യമായ പ്രായോഗിക നടപടി സ്വീകരിക്കാൻ മന്ത്രി മാത്യു ടി. തോമസ് നിര്‍ദേശംനൽകി. പേപ്പാറ ഡാമില്‍ വെള്ളം ക്രമാതീതമായി കുറഞ്ഞതിനാല്‍ നഗരത്തില്‍ കുടിവെള്ളവിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്ന സാഹചര്യം മന്ത്രിസഭ യോഗത്തില്‍ ജലമന്ത്രി വിശദീകരിച്ചു. നിയന്ത്രിത അളവില്‍ നൽകാൻ പ്രതിദിനം 200 ദശലക്ഷം ലിറ്റര്‍ വെള്ളം നഗരത്തിലേക്ക് ആവശ്യമുണ്ട്. മഴയില്ലാത്തതിനാല്‍ അണക്കെട്ടിലേക്ക് വെള്ളം ഒഴുകി എത്തുന്നില്ല. സ്ഥിതി തുടര്‍ന്നാല്‍ ഒരുമാസം നിയന്ത്രണം തുടരേണ്ട സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടൂരിൽനിന്ന് അരുവിക്കരയിലേക്ക് വെള്ളം ഒഴുകിയെത്തുന്ന കുമ്പിള്‍മൂട് തോട് വൃത്തിയാക്കാനുള്ള നടപടികള്‍ക്ക് വ്യാഴാഴ്ച തുടക്കമിട്ടു. ഇവിടെ ൈകയേറ്റം ഉണ്ടെങ്കിലും തല്‍ക്കാലം ഒഴിപ്പിക്കില്ല. കാപ്പുകാടുനിന്ന് ഈ തോട്ടിലെ അണിയിലക്കടവ്‌ വരെ ഒന്നരക്കിലോമീറ്ററോളം ദൂരത്തില്‍ വെള്ളം പമ്പ് ചെയ്ത് എത്തിക്കേണ്ടിവരും. ശക്തിയേറിയ പമ്പും അനുബന്ധ സംവിധാനങ്ങളും വേണ്ടിവരും. ജലസേചനവകുപ്പ് ഉപയോഗിക്കുന്ന ഡ്രഡ്ജര്‍ ആലപ്പുഴനിന്ന് എത്തിക്കും. ആഴം കൂട്ടുന്നതിനായി അടിത്തട്ട് കുഴിച്ച് ചെളിയും വെള്ളവുമാണ് സാധാരണ ഡ്രഡ്ജര്‍ പമ്പ് ചെയ്ത് മാറ്റുന്നത്. ഡ്രഡ്ജറിലെ ഈ പമ്പിങ് സംവിധാനമാണ് ഉപയോഗിക്കുന്നതെങ്കിലും അണക്കെട്ടിെൻറ അടിത്തട്ടില്‍ തൊടാത്തവിധം വെള്ളം മാത്രമാവും നെയ്യാറിൽനിന്ന് പമ്പ് ചെയ്യുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.