വി​ദ്യാ​ർ​ഥി​യു​ടെ ആ​ത്​​മ​ഹ​ത്യ: മാ​താ​പി​താ​ക്ക​ൾ പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്ത്​ സ​മ​ര​ത്തി​ലേ​ക്ക്​

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്ക് പിന്നാലെ മകെൻറ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു അമ്മയും അച്ഛനും കൂടി പൊലീസ് ആസ്ഥാനത്ത് സമരത്തിന്. കോപ്പിയടിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത അയിരൂര്‍ എം.ജി.എം സ്‌കൂൾ പ്ലസ് വണ്‍ വിദ്യാര്‍ഥി അര്‍ജുെൻറ മാതാപിതാക്കളാണ് സമരത്തിനൊരുങ്ങുന്നത്. അധ്യാപകരുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് മാര്‍ച്ച് 14നാണ് വര്‍ക്കല മരക്കടമുക്ക് കെടാവിത്തുവിള സുകേശിനി ബംഗ്ലാവില്‍ പ്രദീപ് കുമാറിെൻറയും ശാലിയുടെയും മകന്‍ അര്‍ജുന്‍ (16) ജീവനൊടുക്കിയത്. അര്‍ജുന്‍ ജീവനൊടുക്കിയത് വൈസ് പ്രിന്‍സിപ്പല്‍ ബി. രാജീവിെൻറ മാനസിക പീഡനത്തെ തുടര്‍ന്നാണെന്ന് പരാതി നല്‍കിയെങ്കിലും ഇയാള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അര്‍ജുെൻറ അമ്മ ശാലി പ്രദീപ്, അച്ഛന്‍ ജി. പ്രദീപ് കുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മകെൻറ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയെങ്കിലും നീതി ലഭിച്ചില്ല. വര്‍ക്കല എം.എല്‍.എ വി. ജോയിക്കൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയത്. മകന്‍ മരിച്ചതിെൻറ അടുത്ത ദിവസം തന്നെ വര്‍ക്കല എസ്.ഐക്ക് പരാതി നല്‍കിയിരുന്നു. സി.ഐയും എസ്.ഐയും വീട്ടിലെത്തി മൊഴി എടുക്കുക മാത്രമാണ് ചെയ്തത്. പ്രതിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍പോലും പൊലീസ് തയാറായിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു. അര്‍ജുന്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് കോപ്പിയടിച്ചെന്ന് ആരോപിച്ച് തങ്ങളെ വിളിച്ചുവരുത്തി മുന്നില്‍ വെച്ച് മകനെ വൈസ് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തുകയായിരുെന്നന്ന് അമ്മ പറഞ്ഞു. പി.ടി.എ യോഗശേഷം പ്രിന്‍സിപ്പല്‍ നിർദേശിച്ച പ്രകാരം മകനുമൊത്ത് വൈസ് പ്രിന്‍സിപ്പലിനെ കാണാന്‍ ചെന്നു. സി.ബി.എസ്.ഇയിൽ റിപ്പോർട്ട് ചെയ്ത് മൂന്നുവർഷത്തേക്ക് പരീക്ഷ എഴുതുന്നതിൽനിന്ന് ഡീബാർ ചെയ്യുമെന്നും സൈബർ സെല്ലിൽ പരാതി നൽകി ക്രിമിനൽ കേസിൽ പ്രതിയാക്കുമെന്നും രാജീവ് ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കൾ അറിയിച്ചു. കണക്ക് അധ്യാപിക വി. സിന്ധു, ഫിസിക്‌സ് അധ്യാപകന്‍ റോയ് തോമസ് എന്നിവരും മോശമായ രീതിയിലാണ് കുട്ടിയോട് പെരുമാറിയത്. തങ്ങളോട് പരുഷമായി പെരുമാറിയതിെൻറ ദൃശ്യങ്ങള്‍ സ്‌കൂളിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും ശാലി പറഞ്ഞു. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസും സ്‌കൂള്‍ മാനേജ്‌മെൻറും സ്വീകരിക്കുന്നത്. തങ്ങള്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് സമരത്തിന് ഒരുങ്ങുന്നതെന്നും മാതാപിതാക്കള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.