കെട്ടിടനികുതി പരിഷ്കരണം; സര്‍ക്കാര്‍ ഉത്തരവില്‍ കുഴങ്ങി കോര്‍പറേഷന്‍

തിരുവനന്തപുരം: 660 ചതുരശ്രയടി വരെയുള്ള കെട്ടിടങ്ങളെ നികുതിയില്‍നിന്ന് ഒഴിവാക്കിയും 2000 ചതുരശ്രയടി വരെയുള്ള കെട്ടിടങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കേണ്ടതില്ളെന്നും സര്‍ക്കാര്‍ ഉത്തരവുണ്ടായതോടെ തനത് ഫണ്ട് വര്‍ധിപ്പിക്കാന്‍ ബദല്‍വഴി തേടി കോര്‍പറേഷന്‍. കെട്ടിടനികുതി വര്‍ധനയിലൂടെ തനത് ഫണ്ട് വര്‍ധിപ്പിക്കാമെന്ന കണക്കുകൂട്ടലിലൂടെയാണ് കോര്‍പറേഷന്‍ മുന്നോട്ടുപോയത്. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പ്രശ്നമായതിനാല്‍ 2000 ചതുരശ്രയടി വരെയുള്ള കെട്ടിടങ്ങള്‍ക്ക് നികുതിവര്‍ധന വേണ്ടെന്നും 660 ചതുരശ്രയടി വരെയുള്ള കെട്ടിടങ്ങളെ നികുതിയില്‍നിന്ന് ഒഴിവാക്കിയും സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടു. ഇതോടെയാണ് കോര്‍പറേഷന് പ്രതീക്ഷ കൈവിട്ടത്. കോര്‍പറേഷന്‍ പരിധിയിലെ വീടുകളില്‍ വലിയൊരുവിഭാഗവും 2000 ചതുരശ്രയടിയില്‍ താഴെയാണ്. ഫലത്തില്‍ ഈ കെട്ടിടങ്ങള്‍ക്ക് അഞ്ചുവര്‍ഷമായി അടച്ചുപോരുന്ന നികുതിയിനത്തില്‍ വര്‍ധനവുണ്ടാകുന്നില്ല. 2011 മുതല്‍ കെട്ടിടവിസ്തീര്‍ണത്തിന്‍െറ അടിസ്ഥാനത്തിലാണ് കോര്‍പറേഷന്‍ നികുതി നിര്‍ണയിക്കുന്നത്. 2011ന് മുമ്പ് തലസ്ഥാനനഗരത്തിലെ കെട്ടിടങ്ങള്‍ക്ക് വിസ്തീര്‍ണത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നില്ല നികുതി നിര്‍ണയിച്ചിരുന്നത്. നിശ്ചിതവാടക നിശ്ചയിച്ചുകൊണ്ടാണ് നികുതി നിര്‍ണയിച്ചിരുന്നത്. അഞ്ചുവര്‍ഷമായി നഗരത്തില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് നികുതി ഈടാക്കിപ്പോരുന്നത് വിസ്തീര്‍ണത്തിന്‍െറ അടിസ്ഥാനത്തിലാണ്. 2011ന് മുമ്പ് നിര്‍മിച്ച കെട്ടിടങ്ങള്‍ക്കാകട്ടെ പഴയവാടക പ്രകാരവും. ഇതുവരെ പുതിയ കെട്ടിടങ്ങള്‍ക്കാണ് വിസ്തീര്‍ണത്തിന്‍െറ അടിസ്ഥാനത്തില്‍ നികുതി ഈടാക്കിയിരുന്നതെങ്കില്‍ ഇനിയിപ്പോള്‍ പഴയ കെട്ടിടങ്ങളും ഈ പരിധിയിലേക്ക് വരികയാണ്. വന്‍കിട സമുച്ചയങ്ങളില്‍നിന്ന് കൂടുതല്‍ നികുതി വരുമാനമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കോര്‍പറേഷന്‍. കൂടുതല്‍ കെട്ടിടങ്ങളെ നികുതി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി പുതിയ ടി.സി നമ്പര്‍ നല്‍കിക്കൊണ്ടുള്ള കോര്‍പറേഷന്‍െറ നടപടി പുരോഗമിക്കുകയുമാണ്. ടി.സി നമ്പര്‍ നല്‍കുന്നതിനൊപ്പം കെട്ടിടത്തിന്‍െറ വിസ്തീര്‍ണം അളന്ന് ഉടമക്ക് സ്വയംനികുതി നിര്‍ണയിക്കാനുള്ള അപേക്ഷകളും നല്‍കുന്നുണ്ട്. കെട്ടിടത്തിന്‍െറ വിസ്തീര്‍ണത്തില്‍ വ്യത്യാസം വന്നിട്ടുണ്ടെങ്കില്‍ അതുകൂടി ഉള്‍പ്പെടുത്തി നികുതി നല്‍കാനാണ് അപേക്ഷകള്‍ നല്‍കിയിട്ടുള്ളത്. സ്വയം നികുതിനിര്‍ണയിക്കാനുള്ള അവകാശം കെട്ടിടമുടമക്ക് നല്‍കുന്നതിലൂടെ കൂടുതല്‍ കെട്ടിടങ്ങളെ നികുതിയുടെ പരിധിയില്‍ കൊണ്ടുവന്ന് വരുമാനം വര്‍ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. കെട്ടിടനികുതി പരിഷ്കരണത്തിലൂടെ തനത് ഫണ്ട് വര്‍ധിപ്പിക്കാനൊരുങ്ങിയ കോര്‍പറേഷന്‍ ബദല്‍ വഴി തേടുകയാണ്. കൗണ്‍സിലില്‍ വിഷയം കൊണ്ടുവരാനാണ് ഭരണസമിതി ഒരുങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.