തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ‘സ്മാര്‍ട്ട്സിറ്റി’യിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ രൂപരേഖ തയാറാക്കലിന് തുടക്കമായി. സംസ്ഥാനാന്തരത്തില്‍ നടന്ന വിലയിരുത്തലില്‍ പ്രാരംഭഘട്ടം കടന്നതിന്‍െറ അടിസ്ഥാനത്തിലാണ് കോര്‍പറേഷന്‍ തുടര്‍നടപടികള്‍ ആരംഭിച്ചത്. കര്‍മപദ്ധതികള്‍ ആവിഷ്കരിച്ച് ഡിസംബര്‍ 10ന് മുമ്പ് 100 ദിവസത്തിനുള്ളില്‍ സര്‍ക്കാറിന് സമര്‍പ്പിക്കാനാണ് തീരുമാനം. തുടര്‍ന്ന് കേന്ദ്രത്തിനു കൈമാറും. ജനങ്ങളുടെ ജീവിത സാഹചര്യം ഉയര്‍ത്താനും തൊഴില്‍, അടിസ്ഥാന സൗകര്യവികസനം, മാലിന്യനിര്‍മാര്‍ജനം, പൊതുഗതാഗതം എന്നിവക്ക് പ്രത്യേകം പദ്ധതികള്‍ ആവിഷ്കരിക്കുന്നതടക്കമുള്ള സുസ്ഥിര നഗരവികസനമാണ് ലക്ഷ്യമെന്ന് പദ്ധതി രൂപരേഖ തയാറാക്കലിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മേയര്‍ വി.കെ. പ്രശാന്ത് അറിയിച്ചു. സ്മാര്‍ട്ട് സിറ്റി പ്രപ്പോസല്‍ തയാറാക്കുന്നതിന് കോര്‍പറേഷനെ സഹായിക്കാന്‍ സാങ്കേതിക മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതിക്ക് രൂപം നല്‍കി. കണ്‍സല്‍ട്ടന്‍റിനെ കണ്ടത്തൊനുള്ള നടപടി അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 63 നഗരങ്ങള്‍ക്കൊപ്പമാണ് പ്രാരംഭഘട്ട മാനദണ്ഡങ്ങളില്‍ തലസ്ഥാന നഗരം വിജയിച്ചത്. കൃത്യമായ പദ്ധതി രൂപരേഖ സമര്‍പ്പിച്ച് നടത്തുന്ന വിശദീകരണത്തിലൂടെയാകും സ്മാര്‍ട്ട് സിറ്റി എന്ന പ്രോജക്ടിലേക്ക് തലസ്ഥാന നഗരം ഉള്‍പ്പെടുക. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന മാനദണ്ഡപ്രകാരം അത്യാവശ്യം ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പദ്ധതിഅവതരണം നടത്തണം. തള്ളിപ്പോകാനുള്ള സാധ്യതയുള്ളതിനാല്‍ നൂതനവും സാങ്കേതികവുമായ പ്രോജക്ടുകള്‍ തയാറാക്കി നല്‍കാനാണ് കോര്‍പറേഷന്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുക്കുന്ന ആദ്യത്തെ 20 നഗരങ്ങള്‍ക്കാണ് സ്മാര്‍ട്ട് സിറ്റിക്കായി കേന്ദ്രഫണ്ട് ലഭിക്കുക. അഞ്ച് വര്‍ഷങ്ങളിലായി 500 കോടിയാണ് കേന്ദ്ര സര്‍ക്കാറില്‍നിന്ന് ലഭിക്കുക. സംസ്ഥാനത്തിനകത്തെ ഒരു ലക്ഷം ജനസംഖ്യക്ക് മുകളിലുള്ള നഗരങ്ങള്‍ തമ്മിലാണ് മാനദണ്ഡങ്ങള്‍വെച്ച് മാറ്റുരക്കുന്നത്. മേഖലാടിസ്ഥാനത്തിലെ പുരോഗതിയാണ് സ്മാര്‍ട്ട് സിറ്റികൊണ്ട് ഉദ്ദേശിക്കുന്നത്. നഗരവാസികളുടെ അഭിപ്രായം ആരാഞ്ഞാവും പദ്ധതി തയാറാക്കുകയെന്ന് സ്റ്റേറ്റ് മിഷന്‍ മാനേജ്മെന്‍റ് യൂനിറ്റിലെ നഗരാസൂത്രക റിബി റേച്ചല്‍ മാത്യു പറഞ്ഞു. 500 ഏക്കര്‍ വിസ്തൃതി വരുന്ന പ്രദേശമാണ് തെരഞ്ഞെടുക്കുക. ഇപ്രകാരം തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നിലവിലെ സംവിധാനങ്ങള്‍ നിലനിര്‍ത്തി കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഒരുക്കി നല്‍കുന്നതിന് പരിപാടികള്‍ ആസൂത്രണം ചെയ്യും. കൂടാതെ, പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വാസസൗകര്യങ്ങള്‍ അടക്കം സജ്ജമാക്കും. യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ കെ. ശ്രീകുമാര്‍, അഡ്വ. ആര്‍. സതീഷ്കുമാര്‍, ഷഫീറാ ബീഗം സെക്രട്ടറി എം. നിസാറുദ്ദീന്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.