ഉദ്ഘാടനത്തിന് ഒരുങ്ങി പേട്ട ഓപണ്‍ എയര്‍ ഓഡിറ്റോറിയം

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ഉദ്ഘാടനത്തിന് ഒരുങ്ങി പേട്ട ഓപണ്‍ എയര്‍ ഓഡിറ്റോറിയം. നവീകരണം പൂര്‍ത്തിയായ പേട്ട പാര്‍ക്ക് ഉള്‍പ്പെടുന്ന ഓഡിറ്റോറിയത്തിന്‍െറ ഉദ്ഘാടനം ബുധനാഴ്ച മേയര്‍ നിര്‍വഹിക്കും. കഴിഞ്ഞ നഗരസഭയുടെ കാലത്താണ് ലക്ഷങ്ങള്‍ മുടക്കി പാര്‍ക്കിന്‍െറ നവീകരണത്തിന് പദ്ധതിയിട്ടത്. പല കാരണങ്ങളാല്‍ പദ്ധതി പാതിവഴിയില്‍ മുടങ്ങി. ഇതിനെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. പുതിയ കൗണ്‍സില്‍ നിലവില്‍ വന്നതോടെ വീണ്ടും പദ്ധതിക്ക് ജീവന്‍ വെക്കുകയായിരുന്നു. 15 ലക്ഷം രൂപ നഗരസഭ അനുവദിച്ചതോടെ പണി വേഗത്തിലായി. നഗരത്തിന്‍െറ മുഖച്ഛായ മാറ്റി പുതുമോടിയില്‍ അണിഞ്ഞൊരുങ്ങിയ ഓഡിറ്റോറിയം നഗരവാസികള്‍ക്ക് വലിയ പ്രയോജനമാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ. പൊതുസമ്മേളനങ്ങള്‍ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ക്ക് ഉപയോഗിക്കാവുന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മറ്റ് സമയങ്ങളില്‍ ആര്‍ക്കും വിശ്രമിക്കാനും സൗകര്യമുണ്ട്. ഇന്‍റര്‍ ലോക്കിങ് പാകിയ ഓഡിറ്റോറിയത്തിന്‍െറ മുന്‍വശം, നടപ്പാത, പുല്‍മേടുകള്‍, തണല്‍മരങ്ങള്‍, വിശാലമായ ഇരിപ്പിടങ്ങള്‍ എന്നിവ പാര്‍ക്കിനെ ആകര്‍ഷകമാക്കുന്നു. എന്നാല്‍, പേര് സ്ഥാപിക്കുന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മുന്‍ മന്ത്രി കെ. പങ്കജാക്ഷന്‍െറ പേരിടണമെന്ന നിര്‍ദേശം പ്രധാനമായും ഉയര്‍ന്നെങ്കിലും എതിര്‍പ്പുകളും ഉണ്ടായതായാണ് സൂചന. കെ. പങ്കജാക്ഷന്‍െറ പേരിടണമെന്ന നിര്‍ദേശം കൗണ്‍സിലില്‍ നല്‍കിയതായി കൗണ്‍സിലര്‍ അനില്‍കുമാര്‍ അറിയിച്ചു. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ എം.എല്‍.എ, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.