എസ്.സി പ്രമോട്ടര്‍ നിയമനം അവതാളത്തില്‍

കാട്ടാക്കട: ഗ്രാമപഞ്ചായത്തുകളിലെ എസ്.സി പ്രമോട്ടര്‍ നിയമനം അവതാളത്തില്‍. പുതിയ നിയമനത്തെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബൂണല്‍ സ്റ്റേ ചെയ്തതോടെയാണ് എസ്.സി പ്രമോട്ടര്‍ നിയമനം അവതാളത്തിലായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്ലാത്തവരുടെ നിയമനം സ്റ്റേ ചെയ്യാന്‍ ട്രൈബ്യൂണലിന് അധികാരമില്ളെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. പുതിയ നിയമനം ലഭിച്ചവരുടെ പട്ടിക ജില്ല പട്ടികജാതി വികസന ഓഫിസര്‍ ബ്ളോക് പട്ടികജാതി വികസന ഓഫിസര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പഴയ പ്രമോട്ടര്‍മാര്‍ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലത്തെിയതോടെയാണ് പുതിയ പ്രമോട്ടര്‍മാരെ നിയമിക്കാന്‍ അപേക്ഷക്ഷണിച്ചിത്. ഇതനുസരിച്ച് ഇന്‍റര്‍വ്യൂ നടന്നശേഷമാണ് പേരുകള്‍ ബ്ളോക് ഓഫിസര്‍ക്ക് ജില്ല പട്ടികജാതി വികസന ഓഫിസില്‍ നിന്ന് അയച്ചത്. ഈമാസം 15ന് ഇതുസംബന്ധിച്ച അറിയിപ്പ് ബ്ളോക് പട്ടികജാതി ഓഫിസര്‍ക്ക് ലഭിച്ചതോടെയാണ് സ്റ്റേ വന്നതും. സര്‍ക്കാര്‍ ജീവനക്കാരല്ലാത്ത ഇവരുടെ കേസ് പരിഗണിക്കാനോ സ്റ്റേ ഉത്തരവ് നല്‍കാനോ അധികാരമില്ലാത്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇത് പരിഗണിച്ചതും സ്റ്റേ നല്‍കിയതും നിയമവൃത്തങ്ങളില്‍തന്നെ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. വെള്ളനാട് ബ്ളോക്കിന് കീഴില്‍ എട്ട് പഞ്ചായത്തുകളില്‍ അഞ്ചിലും നിലവിലുള്ളവര്‍ സ്റ്റേ വാങ്ങിയിരിക്കുകയാണ്. വെള്ളനാട്, തൊളിക്കോട്, കാട്ടാക്കട, ഉഴമലയ്ക്കല്‍, വിതുര പഞ്ചായത്തുകളിലാണ് സ്റ്റേ നിലനില്‍ക്കുന്നത്. പൂവച്ചല്‍, കുറ്റിച്ചല്‍, ആര്യനാട് പഞ്ചായത്തുകളില്‍ പുതിയ ലിസ്റ്റില്‍ ഉള്ളവര്‍ക്ക് നിയമന ഉത്തരവ് നല്‍കി. നേമം ബ്ളോക്കില്‍ ബാലരാമപുരം ഒഴികെയുള്ള ആറ് പഞ്ചായത്തിലും സ്റ്റേ വാങ്ങിയിട്ടുണ്ട്. മാറനല്ലൂര്‍, മലയിന്‍കീഴ്, വിളപ്പില്‍, വിളവൂര്‍ക്കല്‍, പള്ളിച്ചല്‍, കല്ലിയൂര്‍ പഞ്ചായത്തുകളിലാണ് സ്റ്റേ നിലനില്‍ക്കുന്നത്. മറ്റു പല ബ്ളോക് പഞ്ചായത്തുകളിലെയും അവസ്ഥ ഇതുതന്നെയാണ്. പ്രമോട്ടര്‍മാരുടെ നിയമനം കുരുക്കിലായതോടെ പഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ഫണ്ട് വിനിയോഗം പ്രതിസന്ധിയിലായി മാറി. ഓരോ പഞ്ചായത്തിലും ഒരോ എസ്.സി പ്രമോട്ടര്‍ ആണുള്ളത്. പട്ടികജാതി വിഭാഗത്തിന്‍െറ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധയില്‍പെടുത്തുന്നതും പ്രവൃത്തികളുടെ ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുപോലും പ്രമോട്ടര്‍മാരുടെ ശിപാര്‍ശപ്രകാരമാണ്. ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ പട്ടികജാതിവിഭാഗത്തിന്‍െറ ക്ഷേമത്തിനായി വകയിരുത്തിയിട്ടുള്ള ഫണ്ട് ലഭ്യമാകൂ. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രമോട്ടര്‍മാരുടെ അഭാവം പല പഞ്ചായത്തിലും പട്ടികജാതി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നു.അതേസമയം നിലവിലുണ്ടായിരുന്ന പ്രമോട്ടര്‍മാര്‍ പലരും തങ്ങള്‍ക്ക് വീണ്ടും നിയമനം കിട്ടാന്‍ സാധ്യതയില്ളെന്ന് മനസ്സിലാക്കി മാസങ്ങളായി നിസ്സഹകരണത്തിലുമാണ്. പ്രമോട്ടര്‍മാരുടെ സേവനം അത്യാവശ്യമായി വരുന്ന ഘട്ടത്തില്‍, നിയമനം സംബന്ധിച്ചുള്ള തര്‍ക്കങ്ങളും കേസുകളുമൊക്കെ തീര്‍ക്കാന്‍ നടപടി സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടായില്ളെങ്കില്‍ പഞ്ചായത്തുകളുടെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ ആകെ തകിടംമറിയുമെന്ന ആശങ്കയിലാണ് പഞ്ചായത്ത് ഭരണസമിതികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.