തിരുവനന്തപുരം: സ്കൂളിന് മുന്നിലെ ഗതാഗത നിയമലംഘനങ്ങള്‍ വിഡിയോയില്‍ ഷൂട്ട് ചെയ്യുന്നത് ചോദ്യംചെയ്ത വനിത കൗണ്‍സിലറും പൊലീസും തമ്മില്‍ വാക്കേറ്റം. തര്‍ക്കത്തിനൊടുവില്‍ കൗണ്‍സിലര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു. പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്. ബി.ജെ.പിയുടെ തിരുമല വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജുവിനെതിരെയാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. ബുധനാഴ്ച രാവിലെ 9.30ഓടെ തിരുമല എബ്രഹാം മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നിലായിരുന്നു സംഭവം. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള ഒരു പൊലീസ് വാഹനം സ്കൂള്‍ സമയത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മിക്കദിവസങ്ങളിലും ഇവിടെ ഡ്യൂട്ടി നോക്കാറുണ്ട്. ഇതിനൊപ്പം ഗതാഗത നിയമലംഘനങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതും പതിവാണ്. ഈ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചുകൊടുക്കാറുമുണ്ട്. എന്നാല്‍ ബുധനാഴ്ച രാവിലെ ഇതുവഴി എത്തിയ കൗണ്‍സിലര്‍ സ്കൂള്‍ കുട്ടികളെ സഹായിക്കേണ്ട സമയത്ത് അവിടെനിന്ന് വിഡിയോയില്‍ ഷൂട്ട് ചെയ്യുന്നതിനെ ചോദ്യംചെയ്യുകയും തട്ടിക്കയറുകയും ചെയ്തതായി പൊലീസ് ആരോപിച്ചു. ഇതിനെചൊല്ലി പൊലീസുകാരും കൗണ്‍സിലറും തമ്മില്‍ തര്‍ക്കമുണ്ടായി. വിഡിയോയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെക്കുറിച്ച് തനിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ സ്കൂളിന് മുന്നില്‍നിന്ന് മാറി ഷൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് വിഷയത്തില്‍ ഇടപെട്ടതെന്ന് കൗണ്‍സിലര്‍ മഞ്ജു പറഞ്ഞു. എന്നാല്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ കാണണമെന്നാവശ്യപ്പെട്ട് കൗണ്‍സിലറും സംഭവസ്ഥലത്ത് അപ്പോള്‍ തടിച്ചുകൂടിയ ബി.ജെ.പി പ്രവര്‍ത്തകരും ഡ്യൂട്ടി തടസ്സപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് ആരോപിച്ചു. തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരുമായി വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ ഉള്‍പ്പെടെ സംഘത്തെ പൂജപ്പുര സ്റ്റേഷനില്‍ എത്തിച്ച് മ്യൂസിയം സി.ഐയുടെ നേതൃത്വത്തില്‍ ചര്‍ച്ചനടത്തി. ചര്‍ച്ചയില്‍ പ്രശ്നം പരിഹരിക്കാമെന്ന് പൊലീസുകാര്‍ ഉറപ്പുനല്‍കിയെങ്കിലും വൈകീട്ടോടെ കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. തനിക്കെതിരെ എടുത്തത് കള്ളക്കേസാണെന്നും ഇതിനെതിരെ കമീഷണര്‍ക്ക് പരാതിനല്‍കിയിട്ടുണ്ടെന്നും കൗണ്‍സിലര്‍ പറഞ്ഞു. തിരുമല സ്കൂളിന് മുന്‍വശത്ത് വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇവിടെയുള്ള വ്യാപാരികളും മറ്റും വിഷയത്തില്‍ ഇടപെട്ടു. ഇതോടെ ഇനി ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ളെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും വിഡിയോ പകര്‍ത്തല്‍ തുടര്‍ന്നതോടെ രക്ഷിതാക്കള്‍ നിരവധി പരാതികളുമായി സമീപിച്ചിരുന്നു. വിഷയത്തില്‍ കൗണ്‍സിലര്‍ ഇടപെടണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ബുധനാഴ്ച പൊലീസുകാരോട് സംസാരിക്കാനായി പോയത്. ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് താന്‍ പറഞ്ഞിട്ടില്ല. സ്കൂളിന് മുന്നില്‍നിന്ന് മാറിനിന്ന് പകര്‍ത്തിയാല്‍ പോരെയെന്ന് ചോദിക്കുക മാത്രമാണുണ്ടായതെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.