തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ നാട്ടുകാര്‍

ആറ്റിങ്ങല്‍: തെരുവുനായ് ശല്യം രൂക്ഷമായിട്ടും പ്രാദേശിക ഭരണകൂടങ്ങള്‍ നിശ്ശബ്ദത പാലിക്കുന്നതിനാല്‍ നാട്ടുകാര്‍ രംഗത്തിറങ്ങുന്നു. വ്യത്യസ്ത സംഭവങ്ങളിലായി നിരവധി പേര്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായ ചിറയിന്‍കീഴിലാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്. നായ് പിടിത്തക്കാരുടെ സഹായത്തോടെയും ആഹാരത്തില്‍ വിഷം കലര്‍ത്തി നല്‍കിയുമാണ് തെരുവുനായ്ക്കളെ അജ്ഞാതരായ നാട്ടുകാര്‍ കൊല്ലുന്നത്. ചിറയിന്‍കീഴ്, വലിയകട മാര്‍ക്കറ്റ് റോഡ്, ശാര്‍ക്കര റോഡ് വിവിധ ഇടറോഡുകള്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നായ്ക്കളെ ചത്തനിലയിലും അവശനിലയിലും കണ്ടത്തെി. ഇരുപത്തഞ്ചോളം നായ്ക്കളെയാണ് ഞായറാഴ്ച രാത്രി കൊന്നത്. ചിറയിന്‍കീഴിലും സമീപ പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായിരുന്നു. മൂന്നാഴ്ചക്കിടെ മുപ്പതോളം പേര്‍ ചിറയിന്‍കീഴില്‍നിന്ന് തെരുവുനായുടെ ആക്രമണത്തിനിരയായി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശാര്‍ക്കര ദേവിക്ഷേത്രത്തില്‍ പുലര്‍ച്ചെ ദര്‍ശനത്തിനത്തെിയ മൂന്നംഗ കുടുംബം കഴിഞ്ഞദിവസം തെരുവുനായ് ആക്രമണത്തിനിരയായിരുന്നു. ടെക്നോപാര്‍ക്ക് ജീവനക്കാരായ യുവ ദമ്പതികളും നായുടെ കടിക്കിരയായി. മേല്‍ കടയ്ക്കാവൂര്‍ സ്വദേശികളായ അരുണ്‍, അപര്‍ണ എന്നിവര്‍ക്കാണ് ജോലി കഴിഞ്ഞ് മടങ്ങവെ കടിയേറ്റത്. ചിറയിന്‍കീഴ് വലിയകട മാര്‍ക്കറ്റില്‍ മത്സ്യവിപണനത്തിനത്തെിയ അഞ്ചുതെങ്ങ് സ്വദേശികളായ മേരിയപ്പ, ആഗ്നസ്, അന്തോണ്‍സ് എന്നിവര്‍ക്കും കടിയേറ്റിരുന്നു. ചിറയിന്‍കീഴില്‍ വലിയകട മാര്‍ക്കറ്റ്, പണ്ടകശാല മാര്‍ക്കറ്റ്്, റെയില്‍വേ സ്റ്റേഷന്‍ മാര്‍ക്കറ്റ്, റെയില്‍വേ ക്വാര്‍ട്ടേഴ്സ് ഏരിയ, ശാര്‍ക്കര പറമ്പ് എന്നിവിടങ്ങളാണ് തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രങ്ങള്‍. അഞ്ചുതെങ്ങ് -ചിറയിന്‍കീഴ് കടല്‍ത്തീരമേഖലയിലും തെരുവുനായ്ക്കള്‍ അടക്കിവാഴുന്ന അവസ്ഥയാണ്. മത്സ്യാവശിഷ്ടങ്ങളാണ് ഈ ഭാഗങ്ങളില്‍ നായ്ക്കളുടെ സങ്കേതമായി മാറാന്‍ കാരണമായത്. മുന്‍കാലങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ തെരുവുനായ് നിര്‍മാര്‍ജനത്തിന് പ്രാദേശിക ഭരണകൂടങ്ങള്‍ നടപടി സ്വീകരിച്ചിരുന്നു. സമീപകാല വിവാദങ്ങളെയും നിയമപ്രശ്നങ്ങളെയും തുടര്‍ന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഈ പ്രവര്‍ത്തനത്തില്‍നിന്ന് പിന്നാക്കം പോയത്. മറ്റ് നിവൃത്തിയില്ലാതെ വന്നതോടെ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാര്‍തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.