തിരുവനന്തപുരം: മധ്യവേനലവധി പടിയിറങ്ങാന്‍ ഒരു ദിവസം ശേഷിക്കെ, സ്കൂള്‍ വിപണിയില്‍ വന്‍ തിരക്ക്. മുന്‍കാലങ്ങളെപ്പോലെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞാണ് പ്രമുഖ ബ്രാന്‍ഡുകളെല്ലാം തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കിയിരിക്കുന്നത്. ഏപ്രില്‍ പകുതിയോടെ തന്നെ നഗരത്തില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരുടെയും കുടുംബശ്രീയുടേതുമടക്കം വിപണികള്‍ സജീവമായിരുന്നെങ്കിലും സ്കൂള്‍ തുറക്കാറായതോടെയാണ് തിരക്കേറിയത്. ബാഗുകളുടെ വൈവിധ്യമാണ് ഇത്തവണയും കുട്ടികളെയും രക്ഷിതാക്കളെയും ആകര്‍ഷിക്കുന്നത്. വിലയെക്കാള്‍ ബ്രാന്‍ഡിനും ഗുണമേന്മക്കും പ്രാധാന്യം നല്‍കുന്നവരാണ് കൂടുതലെന്ന അഭിപ്രായമാണ് കച്ചവടക്കാര്‍ക്കുള്ളത്. സ്കൂബി ഡേ, കിറ്റെക്സ്, ഫാഷന്‍, വേള്‍ഡ് വൈഡ്, ഡിസൈര്‍ തുടങ്ങിയവ ഇത്തവണയും വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നുണ്ട്. എങ്കിലും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ച സ്കൂള്‍ ബാഗുകളോടാണ് കുട്ടികള്‍ക്ക് പ്രിയം. സ്പൈഡര്‍മാന്‍, ബാര്‍ബി, ഡോറ, ആഗ്രി ബേര്‍ഡ്, സിന്‍ഡ്രല, ബെന്‍ ടെണ്‍, ഛോട്ടാബീം, മിക്കി മൗസ് തുടങ്ങിയ ബാഗുകള്‍ക്ക് ആവശ്യക്കാരേറെ. ത്രീ ഡി-കാല്‍ക്കുലേറ്റര്‍ ബാഗുകളാണ് വിപണിയിലെ പുതുമുഖങ്ങള്‍.കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കുടകളിലും ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ, നിറം മാറുന്നവയും വെള്ളം ചീറ്റുന്നതും ലൈറ്റ് കത്തുന്നവയുമുള്‍പ്പെടെ പല വൈവിധ്യങ്ങളും കുട നിര്‍മാതാക്കള്‍ അവതരിപ്പിച്ചിട്ടുണ്ട്. 300 രൂപ മുതലാണ് കുടകളുടെ വില ആരംഭിക്കുന്നത്. മഴക്കോട്ടുകളുടെയും വില്‍പന സജീവമാണ്. ഇതിലും കാര്‍ട്ടൂണ്‍ മയം തന്നെ. ബാഗ് ഇടാന്‍ സൗകര്യമുള്ള മഴക്കോട്ടുകളാണ് വിപണിയിലെ പുതിയ അതിഥി. കുട്ടികളുടെ മഴക്കോട്ടിന് 250 മുതല്‍ 700 രൂപ വരെ വില വരും. 20 രൂപ മുതല്‍ 45 രൂപ വരെ വിലയുള്ള നോട്ട് ബുക്കുകളാണ് വില്‍പനക്കുള്ളത്. അതേസമയം നഗരത്തിലെ പല സ്കൂളുകളും യൂനിഫോം നല്‍കുന്നതിനാല്‍ തുണിക്കടകളില്‍ തിരക്ക് താരതമ്യേന കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.