ഓട്ടം നിലയ്ക്കുന്ന 108

തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലന്‍സ് സര്‍വിസ് പ്രതിസന്ധിയില്‍. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി അവസാനിച്ച് വര്‍ക്ക്ഷോപ്പില്‍ കയറുന്ന ആംബുലന്‍സുകള്‍ തിരിച്ചിറങ്ങുന്നില്ല. ഫിറ്റ്നസ് കാലാവധി അവസാനിച്ചതിനെതുടര്‍ന്ന് ഓരോ ആംബുലന്‍സുകളായി കൊച്ചുവേളിയിലെ സ്വകാര്യ വര്‍ക്ക്ഷോപ്പില്‍ എത്തിക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്നുള്ള അലംഭാവം കാരണം വര്‍ക്ഷോപ്പില്‍ കയറ്റിയ ആംബുലന്‍സുകള്‍ ഒന്നും തിരിച്ചിറക്കാന്‍ സാധിച്ചിട്ടില്ല. ഇതോടെ ദിവസവേതനക്കാരായ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെയായി. പലര്‍ക്കും മാസങ്ങളായി ശമ്പളം ഇല്ല. തിരുവനന്തപുരം ജില്ലയില്‍ സര്‍വിസ് നടത്തിയിരുന്ന 25ആംബുലന്‍സുകളില്‍ 16 എണ്ണവും കൊച്ചുവേളിയിലെ വര്‍ക്ഷോപ്പില്‍ ശാപമോക്ഷം കാത്തുകിടക്കുകയാണ്. ആലപ്പുഴ ജില്ലയില്‍ സര്‍വിസ് നടത്തി വന്ന 18 ആംബുലന്‍സുകളില്‍ എട്ടെണ്ണം വര്‍ക്ഷോപ്പിലാണ്. നിലവില്‍ സര്‍വിസ് നടത്തുന്ന ആംബുലന്‍സുകള്‍കൂടി ഫിറ്റ്നസ് കാലാവധി അവസാനിച്ചാല്‍ വരുംദിവസങ്ങളില്‍ സേവനം അവസാനിപ്പിക്കും. വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള നടപടിക്രമങ്ങളില്‍ ആരോഗ്യവകുപ്പിന്‍െറ ഭാഗത്തുനിന്ന് നേരിടുന്ന കാലതാമസമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അതുകൂടാതെ ഇത്രയും വാഹനങ്ങള്‍ ഒറ്റ വര്‍ക്ഷോപ്പില്‍ അറ്റകുറ്റപ്പണി ചെയ്യുന്നതും കാലതാമസം നേരിടുന്നതിന് കാരണമാകും. കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയാണ് സംസ്ഥാനത്ത് 108 ആംബുലന്‍സ് സര്‍വിസ് നടപ്പാക്കിയത്. പൈലറ്റ് പ്രോജക്ടായി തലസ്ഥാനജില്ലയില്‍ ആരംഭിച്ച പദ്ധതി വിജയംകണ്ടതിനെതുടര്‍ന്ന് ആലപ്പുഴയിലേക്കും വ്യാപിപ്പിച്ചു. സൗജന്യ നിരക്കില്‍ ജനങ്ങള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ കഴിയുന്ന പദ്ധതി പെട്ടെന്നുതന്നെ ജനശ്രദ്ധ ആകര്‍ഷിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ 108 സര്‍വിസിനെ പൂര്‍ണമായും അവഗണിക്കുകയായിരുന്നെന്ന് ആക്ഷേപമുണ്ട്. കരാര്‍ നല്‍കിയിരുന്ന രണ്ടുകമ്പനികള്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരന്നു. സര്‍വിസിന്‍െറ നിലവാരം കുറഞ്ഞതായി ആക്ഷേപം വന്നതിന്‍െറ അടിസ്ഥാനത്തില്‍ 2015 ജൂണ്‍ 15 മുതല്‍ 108 സര്‍വിസ് സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. കെ.എം.എസ്.സി.എല്ലിനും നാഷനല്‍ ഹെല്‍ത്ത് മിഷനുമാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല നല്‍കിയത്. എന്നാല്‍, ഇതോടെ ആംബുലന്‍സുകളുടെയും അതിലെ ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണികള്‍ യഥാസമയം നടക്കാതെയായി. പല ആംബുലന്‍സുകളിലും ജീവന്‍രക്ഷാമരുന്നുകള്‍ ലഭ്യമാക്കുന്നതില്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് വീഴ്ച പറ്റിയതായി പറയുന്നു. പലപ്പോഴും അത്യാവശ്യഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് ആംബുലന്‍സിന്‍െറ സേവനം ലഭ്യമാകുന്നില്ളെന്ന ആക്ഷേപവും ഉയര്‍ന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ 108ന് ശാപമോക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.