റോഡില്‍ അപകടം വിതച്ച് ബൈക്ക് അഭ്യാസികള്‍

ആറ്റിങ്ങല്‍: അമിതവേഗത്തില്‍ തീപാറിച്ച് ബൈക്കില്‍ പോകുന്ന യുവാക്കള്‍ യാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നു. കഴിഞ്ഞ അവധിക്കാലത്ത് ഇത്തരക്കാരെ പിടികൂടാന്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പദ്ധതി ആവിഷ്കരിക്കുമെന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പ്രദേശങ്ങളില്‍ അമിതവേഗക്കാരായ അഭ്യാസികളായ യുവാക്കള്‍ അപകടത്തില്‍പെട്ട് മരിക്കുന്നത് കൂടിയതിനാലാണ് ഒരുവര്‍ഷം മുമ്പ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. എന്നാല്‍, വര്‍ഷം ഒന്നുകഴിഞ്ഞിട്ടും ഇത്തരക്കാരെ നിയന്ത്രിക്കാന്‍ പൊലീസിനോ ആര്‍.ടി.ഒ അധികൃതര്‍ക്കോ കഴിഞ്ഞിട്ടില്ല. മറ്റു വാഹനങ്ങള്‍ക്ക് ഭീഷണിയായി വാഹനങ്ങള്‍ക്കിടയിലൂടെ അഭ്യാസം കാട്ടി യുവാക്കള്‍ പായുകയാണ്. ബൈക്ക് അഭ്യാസികളായ യുവാക്കളെ പിടികൂടാന്‍ പ്രത്യേക സ്ഥലങ്ങളില്‍ കാമറ ഘടിപ്പിച്ച് നിരീക്ഷണം നടത്തുമെന്നും ഇത്തരക്കാര്‍ കാമറയില്‍ പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ്.പി അന്ന് പറഞ്ഞിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ അധികാര പരിധിയില്‍ ഇത്തരത്തില്‍ അഭ്യാസം നടത്തി അപകടത്തില്‍പെട്ട് മരിച്ചത് ഇരുചക്രവാഹനയാത്രക്കാരായ 22 യുവാക്കളാണ്. ഇതില്‍ അതിദാരുണമായ കാഴ്ച ആറുമാസം മുമ്പ് രാത്രി 11 മണിയോടെ ആലംകോട് കൊച്ചുവിള ജങ്ഷനില്‍ നടന്ന അപകടമാണ്. ഇവര്‍ ദേശീയപാതയുടെ ഇരുവശവും മുട്ടിച്ച് പാമ്പുപുളയുന്നതുപോലെ വരുന്നത് നാട്ടുകാര്‍ കണ്ടതാണ്. കൂടാതെ പിറകിലിരുന്ന യുവാവ് സെന്‍ട്രല്‍ സ്റ്റാന്‍ഡ് ടാറില്‍ ഉരച്ച് തീപ്പൊരി പാറിച്ചായിരുന്നത്രേ വരവ്. അപകടത്തില്‍പെട്ട യുവാവിന്‍െറ തലച്ചോര്‍ ഇടിയുടെ ആഘാതത്തില്‍ ചിതറിത്തെറിച്ചിരുന്നു. ഈ അപകടത്തില്‍ രണ്ട് 23 കാരാണ് സംഭവസ്ഥലത്തുവെച്ച് മരിച്ചത്. ഇവരെ രക്ഷിക്കാനായി സഡണ്‍ബ്രേക് പിടിച്ച ടെമ്പോ മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍പെട്ടവര്‍ ഇന്നും പൂര്‍ണനിലയില്‍ എത്തിയിട്ടില്ല. 100 സി.സിക്ക് മുകളിലുള്ള ബൈക്കുകളുമായി റോഡിലിറങ്ങുന്ന ചെറുപ്പക്കാര്‍ നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. മാമം പാലത്തില്‍നിന്ന് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ആറ്റിലേക്ക് പതിച്ച സംഭവത്തിലും ഇരുചക്രവാഹനക്കാരനെ രക്ഷിക്കാനുള്ള ശ്രമമാണ് അപകടത്തിനിടയാക്കിയത്. മുന്നില്‍ പോകുന്ന വാഹനത്തെ അമിതവേഗത്തില്‍ വളഞ്ഞുപുളഞ്ഞ് ഓവര്‍ടേക് ചെയ്യുകയാണ് ഇവരുടെ ഹോബി. പലപ്പോഴും എതിരേ വരുന്ന വാഹനങ്ങള്‍ ഇവരുടെ അഭ്യാസംകണ്ട് എന്തു ചെയ്യണമെന്നറിയാതെ നിയന്ത്രണം വിട്ട് അപകടത്തില്‍പെടുകയാണ്. കൂടാതെ ഇരുചക്രവാഹനങ്ങള്‍ മോട്ടോര്‍ വകുപ്പ് നിര്‍ദേശിക്കുന്ന രീതിയില്‍ നിന്ന് മാറ്റംവരുത്തി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാലും ശക്തമായ നടപടിയെടുക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, പൊലീസിന്‍െറ കണ്‍മുന്നിലാണ് ആള്‍ട്ടറേഷന്‍ വരുത്തിയ വാഹനങ്ങള്‍ വലിയ ശബ്ദത്തോടെ കടന്നുപോകുന്നത്. അപകടമരണനിരക്കില്‍ യുവാക്കളാണ് കൂടുതല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.