നങ്കൂരമിളകി പാഞ്ഞ ഇറാന്‍ ബോട്ട് വീണ്ടും ‘പിടിയില്‍’

വിഴിഞ്ഞം: നങ്കൂരമിളകി ഇറാന്‍ ബോട്ട് പുറംകടലിലേക്ക് പാഞ്ഞു. കോസ്റ്റല്‍ പൊലീസ് പണിപ്പെട്ട് ബോട്ടിനെ തിരികെ എത്തിച്ചു. കെട്ടിവലിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട ഇറാന്‍ ബോട്ട് ഇടിച്ച് മറ്റൊരു ബോട്ടിന് ചെറിയ കേടുപാട് പറ്റി. നിരവധിതവണ സമാനസംഭവങ്ങള്‍ നടന്നിട്ടും ബോട്ട് മാറ്റാന്‍ തയാറാകാത്തതില്‍ അധികൃതര്‍ക്ക് അമര്‍ഷം. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഇറാന്‍ ബോട്ട് നങ്കൂരമിളകി പുറംകടലിലേക്ക് ഒഴുകിയത്. സംഭവം ശ്രദ്ധയില്‍പെട്ടയുടന്‍ കോസ്റ്റല്‍ പൊലീസ് ബോട്ടിന് പിന്നാലേ പാഞ്ഞു. തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എന്നിവര്‍ ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബോട്ടിനെ തിരികെ എത്തിച്ചത്. തിരികെ കെട്ടി വലിക്കുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഇറാന്‍ ബോട്ട് ഇടിച്ച് അദാനി ഗ്രൂപ്പിന്‍െറ സര്‍വേ ആവശ്യത്തിന് ഉപയോഗിക്കുന്ന ബോട്ടിന് കേടുപാട് സംഭവിച്ചു. അടിക്കടി സമാനസംഭവങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ബോട്ട് കോസ്റ്റല്‍ പൊലീസിന് തലവേദനയായിരിക്കുകയാണ്. മത്സ്യബന്ധന സീസണ്‍ ആരംഭിക്കുന്നതിനാല്‍ വരുംദിവസങ്ങളില്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി ബോട്ടുകള്‍ തുറമുഖ ബേസിനില്‍ നങ്കൂരമിടും. സ്ഥലപരിമിതിയാല്‍ ബുദ്ധിമുട്ടുന്ന ബേസിനില്‍ ഇറാന്‍ ബോട്ടിന്‍െറ സാന്നിധ്യം മറ്റു മത്സ്യബന്ധന ബോട്ടുകള്‍ക്ക് തടസ്സം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ, ഈ സമയം ഇറാന്‍ ബോട്ടിന്‍െറ നങ്കൂരമിളകി മറ്റുബോട്ടുകളില്‍ ഇടിക്കുകയാണെങ്കില്‍ അത് സ്ഥലത്തെ ക്രമസമാധാനാന്തരീക്ഷത്തെ തന്നെ ബാധിക്കുമെന്ന് നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. തുറമുഖ വകുപ്പും കോസ്റ്റല്‍ പൊലീസും ബോട്ട് സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് ഉന്നതരോട് ആവശ്യപ്പെട്ടിട്ടും പരിഹാരം ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.