ശാന്തിവിള താലൂക്കാശുപത്രി നഴ്സിനെ ചികിത്സക്കത്തെിയവര്‍ കടന്നുപിടിച്ചു

നേമം: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയത്തെിയ യുവാക്കള്‍ ഡ്യൂട്ടി നഴ്സിനെ കടന്നുപിടിച്ച് അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തതിനെതിരെ ആശുപത്രി ജീവനക്കാര്‍ പണിമുടക്കി പ്രതിഷേധിച്ചു. ഇതോടെ ആശുപത്രി പ്രവര്‍ത്തനം മണിക്കൂറുകള്‍ താറുമാറായി. ചികിത്സ തേടിയത്തെിയ രോഗികള്‍ വലഞ്ഞു. നേമം ശാന്തിവിള താലൂക്കാശുപത്രി ജീവനക്കാരാണ് വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ 11 വരെ ആശുപത്രി അത്യാഹിതവിഭാഗം ഒഴിവാക്കി പണിമുടക്കി പ്രതിഷേധിച്ചത്. ബുധനാഴ്ച രാത്രി 11.30ഓടെ ബൈക്കപകടത്തില്‍ പരിക്കേറ്റ വെള്ളായണി എം.എന്‍.എല്‍.പി.എസിന് സമീപം വടുതല വീട്ടില്‍ അര്‍ജുനന്‍ (23), വെള്ളായണി ദേവീക്ഷേത്രത്തിന് സമീപം വാറുവിളാകത്ത് പുത്തന്‍വീട്ടില്‍ ശ്യാംരാജ് (24) എന്നിവര്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയിരുന്നു. ഈസമയം അത്യാഹിതവിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സ് ശുശ്രൂഷിക്കുന്നതിനിടെ ഇവര്‍ കൈയില്‍ കയറി പിടിക്കുകയും പ്രതിഷേധിച്ച നഴ്സിനെ ഇരുവരും ചേര്‍ന്ന് അസഭ്യം പറഞ്ഞ് മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണ് സംഭവങ്ങള്‍ക്ക് കാരണം. സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ഇവരെ അവിടെയുള്ളവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആശുപത്രിയില്‍ ഈ സമയം മറ്റൊരു അപകടത്തില്‍ പരിക്കേറ്റ രോഗിയുമായത്തെിയ കരമന സ്റ്റേഷനിലെ പൊലീസുകാര്‍ രംഗം നേരില്‍ കാണുകയും നേമം പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഉടന്‍ സ്ഥലത്തത്തെിയ നേമം പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ചും അക്രമികള്‍ക്കെതിര നടപടി ആവശ്യപ്പെട്ടും രാത്രികാലങ്ങളില്‍ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ ജീവനക്കാര്‍ പണിമുടക്കുകയായിരുന്നു. രാവിലെ എട്ടിന് ആരംഭിക്കുന്ന ഒ.പി വിഭാഗം ഇതോടെ സ്തംഭനാവസ്ഥയിലായി. തുടര്‍ന്ന് എല്‍.ഡി.എഫ് നേതാക്കളായ ആനത്തലവട്ടം ആനന്ദന്‍, ആനാവൂര്‍ നാഗപ്പന്‍, നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഡി.എം.ഒക്ക് പകരം എത്തിയ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ (ഡി.പി.എം) ഡോ. ഉണ്ണികൃഷ്ണന്‍ ജീവനക്കാരുമായി സംസാരിച്ച് വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കാമെന്ന് ഉറപ്പുനല്‍കി. സ്ഥലം എം.എല്‍.എ വി. ശിവന്‍കുട്ടി ഫോണിലൂടെ ബന്ധപ്പെട്ട് നഴ്സിനെ അപമാനിച്ചവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാമെന്നും സെക്യൂരിറ്റിയായി വിമുക്തഭടനെ അടിയന്തരമായി ആശുപത്രിയിലേക്ക് നിയമിക്കാമെന്നും അതിനുള്ള ഫണ്ട് ആശുപത്രി വികസന സമിതി കണ്ടത്തെി നല്‍കാമെന്നും ഉറപ്പുനല്‍കി. തുടര്‍ന്നാണ് രാവിലെ 11ഓടെ ജിവനക്കാര്‍ പ്രതിഷേധസമരം അവസാനിപ്പിച്ചത്. ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി സേവനമനുഷ്ഠിച്ചുവന്ന എഴുപതുകാരന്‍ ശാരീരിക അവശത കാരണം ഒരാഴ്ചയായി ജോലിക്കത്തെിയിരുന്നില്ല. ആശുപത്രിയില്‍ എല്ലാ വിഭാഗത്തിലും സ്ത്രീകളാണ് ജോലിക്കാരായുള്ളത്. ഇത് സുരക്ഷാ ഭീഷണി കൂട്ടുന്നതായി ജീവനക്കാര്‍ പറയുന്നു. അറസ്റ്റിലായ യുവാക്കളെ പൊലീസ് കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.