നഗരത്തില്‍ വീണ്ടും പൈപ്പ് പൊട്ടി; കുടിവെള്ള വിതരണം മുടങ്ങി

തിരുവനന്തപുരം: നഗരത്തില്‍ ജനങ്ങളുടെ വെള്ളംകുടി മുട്ടിച്ച് വീണ്ടും പൈപ്പ് പൊട്ടല്‍. തിരുമല വിജയമോഹിനി മില്ലിന് സമീപം ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് പൈപ്പ് പൊട്ടിയത്. ഇതോടെ തിരുമല മുതല്‍ കരമന വരെയുള്ള ഭാഗത്തെ കുടിവെള്ള വിതരണം പൂര്‍ണമായി മുടങ്ങി. 600 എം.എം കാസ്റ്റ് അയണിന്‍െറ വലിയ പൈപ്പാണ് പൊട്ടിയത്. ഇതില്‍നിന്ന് നിരവധി ഭാഗത്തേക്കുള്ള കണക്ഷനുകളിലെ ജലവിതരണം തടസ്സപ്പെടും. അറ്റകുറ്റപ്പണികള്‍ക്കായി വാട്ടര്‍ അതോറിറ്റി ഉടന്‍ നടപടി ആരംഭിച്ചെങ്കിലും ഈ ഭാഗത്തെ കേബ്ള്‍ കണക്ഷനുകള്‍ പ്രവൃത്തിക്ക് തടസ്സമായിട്ടുണ്ട്. അതിനാല്‍ അവ മാറ്റിസ്ഥാപിക്കാന്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. പ്രവൃത്തികള്‍ക്കായി കരമന ഭാഗത്തെ പ്രധാന വാല്‍വ് അധികൃതര്‍ അടച്ചു. ഇതോടെയാണ് കുടിവെള്ള വിതരണം നിലച്ചത്. പഴയ പൈപ്പിനാണ് പൊട്ടല്‍ എന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. മറ്റ് തടസ്സങ്ങള്‍ ഉണ്ടായില്ളെങ്കില്‍ ബുധനാഴ്ച ഉച്ചയോടെ ജലവിതരണം പുനരാരംഭിക്കാനാകുമെന്നും അവര്‍ അറിയിച്ചു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രാത്രി വൈകിയും അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.