പൊലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ച മൂന്നംഗസംഘം പിടിയില്‍

തിരുവനന്തപുരം: വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച് നിര്‍ത്താതെപോയ വാഹനവും മൂവര്‍ സംഘവും പൊലീസ് പിടിയിലായി. മൂവാറ്റുപുഴ കുളമാനൂര്‍ വില്ളേജില്‍ വാഴക്കുളം തെക്കയില്‍ ഹൗസില്‍ അഭിജിത്ത്, കൊല്ലം ചിറക്കര അമരത്ത്മുക്കിനു സമീപം ഐശ്വര്യയില്‍ സന്ദീപ്, കൊട്ടാരക്കര കലയപുരം പൂവാറ്റൂര്‍ ശങ്കരവിലാസത്തില്‍ ഹരി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് കേസിനാസ്പദമായ സംഭവം. കേശവദാസപുരം ജങ്ഷന് സമീപം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ജയരാജും സംഘവും വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ അലക്ഷ്യമായി അമിതവേഗത്തില്‍ എത്തിയ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, അപകടകരമായി കാര്‍ വെട്ടിച്ച് കടന്നുകളഞ്ഞു. വൈകാതെ വീണ്ടും കേശവദാസപുരത്ത് എത്തിയ ഇതേകാര്‍ പൊലീസുകാര്‍ കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വീണ്ടും പൊലീസിനെ വെട്ടിച്ച് മുങ്ങി. കാര്‍ വെട്ടിക്കുന്നതിനിടെ ഗ്രേഡ് എസ്.ഐയും പൊലീസുകാരും ഓടിമാറിയതിനാല്‍ അപകടം ഒഴിവായതായി പൊലീസ് അറിയിച്ചു. സംഭവം ഉടന്‍തന്നെ വയര്‍ലെസ് മുഖേന പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും വിവരം നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറുകയുമായിരുന്നു. അല്‍പസമയത്തിനുശേഷം ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എത്തിയ കാറും യാത്രക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളജ് പൊലീസത്തെി കാറും പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി. വൈദ്യപരിശോധനയില്‍ കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നതായി തെളിഞ്ഞു. ഇവരുടെ പേരില്‍ പൊലീസ് കേസെടുത്തു. പിന്നീട് ജാമ്യത്തില്‍വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.