കാപ്പില്‍ തീരങ്ങളില്‍ മദ്യക്കച്ചവടം പൊടിപൊടിക്കുന്നു

വര്‍ക്കല: ഇടവ ഗ്രാമപഞ്ചായത്തിലെ കാപ്പില്‍ കടല്‍, കായല്‍ തീരങ്ങളില്‍ മദ്യകച്ചവടം തകൃതിയില്‍. കിഴക്കേ കായല്‍ തീരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പനക്കാരും സജീവമായിട്ടുണ്ട്. വെറ്റക്കട മുതല്‍ കാപ്പില്‍ പൊഴിമുഖം വരെയും കടലിനും കായലിനുമിടയിലായി മണല്‍ മൂടി കിടക്കുന്ന ഭാഗത്തും ലഹരി വില്‍പനക്കാര്‍ താവളമാക്കിയിരിക്കുകയാണ്. മറുവശത്ത് കാപ്പില്‍ എച്ച്.എസ്.എസ് ജങ്ഷന്‍, മാവുനിന്നവിള, മൂന്നുമുക്ക്, നാലുമുക്ക്, പാറയില്‍, മഞ്ചാടിനിന്നവിള, ആണിക്കമ്പനി എന്നിവിടങ്ങളിലും വില്‍പനക്കാര്‍ വര്‍ധിച്ചിട്ടുണ്ട്. ബിവറേജസ് ഒൗട്ട്ലെറ്റുകളില്‍ നിന്ന് വാങ്ങുന്ന മദ്യം ഇരട്ടി വിലയ്ക്കാണിവിടെ വില്‍ക്കുന്നത്. കായല്‍ തീരത്തും റോഡരികുകളിലും കൂട്ടം കൂടിയുള്ള മദ്യപാനവും നാട്ടുകാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. കാപ്പില്‍ എച്ച്.എസ്.എസിലേക്ക് വിദ്യാര്‍ഥിനികള്‍ പേടിച്ചാണ് ഈ റോഡ് വഴി പോകുന്നത്. താരതമ്യേന വിജനമായ പ്രദേശമായതും മദ്യപാനികള്‍ ഇടവഴികള്‍ പോലും കൈയടക്കി വിഹരിക്കുന്നതുമാണ് വിദ്യാര്‍ഥിനികളെ ഭയപ്പെടുത്തുന്നത്. വെറ്റക്കട കടപ്പുറം കേന്ദ്രീകരിച്ചും അനധികൃത മദ്യവില്‍പന സജീവമാണ്. ശ്രീയേറ്റ് കടപ്പുറം, മലപ്പുറം കുന്നുകള്‍, മാന്തറ, ഇടപ്പൊഴിക്ക എന്നിവിടങ്ങളിലും ചില റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചും മയക്കുമരുന്നു വ്യാപാരവും പൊടിപൊടിക്കുന്നു. പൊലീസും എക്സൈസ് സംഘവും എത്തുന്നത് അറിയുന്ന ഈക്കൂട്ടര്‍ മദ്യക്കുപ്പികള്‍ മണലില്‍ കുഴിച്ചിടുകയോ പ്രത്യേകം തയാറാക്കിയ ബങ്കറുകളില്‍ മാറ്റുകയോ ചെയ്യും. ഇടവയിലെ തീരമേഖലയില്‍ മദ്യപാനസംഘങ്ങള്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ സംഘട്ടനങ്ങളിലാണ് അവസാനിക്കുന്നത്. ഇടവ മേല്‍ക്കുളത്തും സ്റ്റേഡിയവും പരിസരവും കേന്ദ്രീകരിച്ചും അനധികൃത മദ്യവ്യാപാരവും കഞ്ചാവ് കച്ചവടവും നടക്കുന്നുണ്ട്. പൊലീസിന്‍െറയും എക്സൈസിന്‍െറയും നിരന്തരമായ ശ്രദ്ധ പ്രദേശത്തുവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.