തിരുവനന്തപുരം: ഡി.സി.സി നേതൃത്വത്തില്‍ ഉള്‍പ്പെടെ ജില്ലയിലെ പാര്‍ട്ടി ഘടകങ്ങളില്‍ അടിയന്തര അഴിച്ചുപണി നടത്തണമെന്ന് ആവശ്യം. തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കുന്ന കെ.പി.സി.സി മേഖലാ സമിതിക്കു മുമ്പാകെയാണ് നിര്‍ദേശമുയര്‍ന്നത്. നിലവിലെ നേതൃത്വത്തിന് സംഘടനയെ ചലിപ്പിക്കാന്‍ സാധിക്കുന്നില്ല. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ ഉണ്ടായ തിരിച്ചടിക്ക് പ്രധാന കാരണം ജില്ലാ നേതൃത്വമാണ്. നിലവിലെ നേതൃത്വം തുടര്‍ന്നാല്‍ പാര്‍ട്ടി വന്‍വിലകൊടുക്കേണ്ടിവരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. നേമം, കാട്ടാക്കട, നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍നിന്നാണ് പ്രധാനമായും പരാതികള്‍ ഉയര്‍ന്നത്. നേമം സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കാതിരുന്നത് ദോഷംചെയ്തെന്ന പരാതിയാണ് പ്രധാനമായും ഉയര്‍ന്നത്. ദുര്‍ബലനായ ഒരാളെയാണ് ജെ.ഡി.യു സ്ഥാനാര്‍ഥിയാക്കിയതെന്നും മുന്നണി മാറിവന്നയാളെ സ്ഥാനാര്‍ഥിയാക്കിയതിനോട് ജനം യോജിച്ചില്ളെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ശക്തമായ മത്സരം മണ്ഡലത്തില്‍ നടക്കുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് അതിനനുസരിച്ച ജാഗ്രത ഉണ്ടായില്ല. പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കാതെയുള്ള പ്രചാരണം തിരിച്ചടിയുണ്ടാക്കിയെന്ന് കാട്ടാക്കടയില്‍നിന്ന് പരാതി ഉയര്‍ന്നു. അമിതമായ ആത്മവിശ്വാസവും പരാജയത്തിന് കാരണമായി. പ്രചാരണത്തിന് പണം ചെലവഴിക്കുന്നതിലും ശ്രദ്ധ ഉണ്ടായില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച എന്‍.ശക്തന്‍ തോറ്റാല്‍ മാത്രമേ തങ്ങള്‍ക്ക് ഭാവിയില്‍ അവസരം കിട്ടൂവെന്ന് ചിലനേതാക്കള്‍ കരുതിയെന്ന വിമര്‍ശവും ഉണ്ടായി. ഒരു പ്രത്യേക സമുദായത്തിന്‍െറ വോട്ട് തനിക്കു മാത്രമേ ലഭിക്കൂവെന്ന് സ്ഥാനാര്‍ഥി കണക്കുകൂട്ടിയിരുന്നെങ്കിലും ഫലംചെയ്തില്ല. നെയ്യാറ്റിന്‍കരയിലും പാറശ്ശാലയിലും സിറ്റിങ് എം.എല്‍.എമാര്‍ക്കെതിരെ എതിര്‍വികാരമുണ്ടായിരുന്നിട്ടും അവരെ മാറ്റിനിര്‍ത്താന്‍ നേതൃത്വം തയാറായില്ല. പാറശ്ശാല മണ്ഡലത്തിലെ ഉള്‍പ്രദേശങ്ങളില്‍ പാര്‍ട്ടിയെ ഗൗനിക്കാതെയുള്ള പ്രവര്‍ത്തനമാണ് എ.ടി. ജോര്‍ജ് നടത്തിയതെന്ന പരാതിയും ഉന്നയിച്ചു. നിര്‍ജീവമായ പാര്‍ട്ടി സംവിധാനമാണ് നെടുമങ്ങാട്, വര്‍ക്കല മണ്ഡലങ്ങളിലെ പരാജയത്തിന് കാരണമായത്. എതിര്‍ പാര്‍ട്ടികളുടെ ശക്തമായ പ്രചാരണത്തെ നേരിടാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കായില്ല. പല ഘട്ടങ്ങളിലും സ്ഥാനാര്‍ഥികള്‍ ഒറ്റക്ക് പ്രചാരണം നടത്തേണ്ട അവസ്ഥയുണ്ടായി. ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ളെന്ന വികാരമാണ് കഴക്കൂട്ടത്ത് പരാജയത്തിന് കാരണമായത്. ഇതുകാരണം പരമ്പരാഗത നൂനപക്ഷ വോട്ടുകളും കോണ്‍ഗ്രസിനു ലഭിക്കേണ്ട മുന്നാക്ക വോട്ടുകളും ലഭിച്ചില്ല. വട്ടിയൂര്‍ക്കാവില്‍ ഇരുപാര്‍ട്ടിയെയും പരാജയപ്പെടുത്തി കെ. മുരളീധരന്‍ വിജയിച്ചെങ്കിലും മണ്ഡലത്തിലെ പാര്‍ട്ടി സംവിധാനം ചിലയിടങ്ങളില്‍ നിര്‍ജീവമാണെന്ന അഭിപ്രായം ബ്ളോക് ഭാരവാഹികളില്‍ ചിലര്‍ പരാതിപ്പെട്ടു. കെ.പി.സി.സി സമിതി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കൊല്ലത്തും 27ന് പത്തനംതിട്ടയിലും തെളിവെടുപ്പ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.