തിരുവനന്തപുരം: ആറു കോടിയോളം ചെലവില്‍ ഏഴ് നിലകളില്‍ നിര്‍മിച്ച മനോഹരമായ ബഹുനിലക്കെട്ടിടം, മുഖ്യമന്ത്രിയുള്‍പ്പെടെ പങ്കെടുത്ത് ആഘോഷമായ ഉദ്ഘാടനം, വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കൈയടി നേടി നേതാക്കളും ഉദ്യോഗസ്ഥരും. എന്നാല്‍, രോഗികള്‍ക്ക് ഇതു തുറന്നുകൊടുത്തോയെന്ന് അന്വേഷിക്കാന്‍ ആരും ഇല്ലാത്ത അവസ്ഥയാണ് തലസ്ഥാനത്ത്. ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും തുറന്നുപ്രവര്‍ത്തിക്കാനാകാതെ നോക്കുകുത്തിയാവുകയാണ് ആയുര്‍വേദ കോളജിലെ സൂപ്പര്‍ സ്പെഷാലിറ്റി പേ വാര്‍ഡ്. തിരക്കുകാരണം പേവാര്‍ഡ് കിട്ടാതെ രോഗികള്‍ തറയില്‍ കിടക്കുമ്പോഴാണ് തലസ്ഥാനത്തെ പ്രധാന ആതുരാലയത്തില്‍ ഈ ദുരവസ്ഥ. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയത്. ആവശ്യമായ ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുകയും ചെയ്തു. എന്നാല്‍, ഒന്നൊന്നായി എത്തിയ തടസ്സങ്ങള്‍ കാരണം തുറന്ന് പ്രവര്‍ത്തിപ്പിക്കാനായില്ല. തീപിടിത്ത പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിലെ കാലതാമസമാണ് ആദ്യം തിരിച്ചടിയായതെന്നാണ് അധികൃര്‍ പറഞ്ഞിരുന്നത്. പിന്നീട് ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ എന്‍.ഒ.സി കിട്ടുന്നതിലായി തടസ്സം. എന്നാല്‍, കെട്ടിടത്തിന് ടി.സി ലഭിക്കാത്തതാണ് വലിയ തിരിച്ചടിയായത്. ഇതുകാരണം കുടിവെള്ള കണക്ഷനും ലഭിക്കാതായി. അധികൃത അനാസ്ഥയാണ് ഇതിനു കാരണം എന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. ഓരോ നിലയിലും 12 മുറികള്‍ വീതം ആറു നിലകളിലായി 72 മുറികളാണുള്ളത്്. ഇതില്‍ ഓരോ നിലയിലും രണ്ടു വീതം മുറികള്‍ പഞ്ചകര്‍മ ചികിത്സക്കുള്ള രോഗികള്‍ക്കാണ്. പദ്ധതി യാഥാര്‍ഥ്യമായാല്‍ രോഗികള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് ജീവനക്കാരും പറയുന്നു. പുതിയ സര്‍ക്കാറില്‍ പ്രതീക്ഷ നല്‍കുകയാണ് രോഗികളും ആശുപത്രി അധികൃതരും. അതേസമയം, മറ്റു സംവിധാനങ്ങള്‍ എല്ലാം തയാറാണെന്നും നഗരസഭയില്‍നിന്ന് ടി.സി ലഭിക്കുന്നതിന് നടപടിയായെന്നും സര്‍ക്കാറിന്‍െറ സ്പെഷല്‍ ഉത്തരവിലൂടെ ഈ മാസംതന്നെ തുറന്നുപ്രവര്‍ത്തിക്കാനാകുമെന്നും അധികൃര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.