കൂട്ടായ്മയുടെ ആഘോഷമായി അട്ടക്കുളങ്ങര സ്കൂളില്‍ പ്രവേശനോത്സവം

തിരുവനന്തപുരം: വിസ്മൃതിയിലേക്ക് തള്ളിയ വിദ്യാലയ മുത്തശ്ശിയെ പഴയ പ്രതാപത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ കൂട്ടായ്മയുടെ ആഘോഷമായിരുന്നു അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂളിലെ പ്രവേശനോത്സവം. പൊളിച്ചടുക്കല്‍ ഭീഷണിയില്‍നിന്ന് തലയെടുപ്പോടെ തലസ്ഥാനത്തിന്‍െറ അഭിമാനമായി വളരുന്ന സ്കൂളിലേക്ക് പുതിയ കുട്ടികള്‍ കൂടുതലായി എത്തിയതോടെ സന്തോഷത്തിന്‍െറ ദിനമായിരുന്നു. സ്കൂള്‍ സംരക്ഷണ സമിതിയും പൂര്‍വ വിദ്യാര്‍ഥികളും അധ്യാപക-രക്ഷാകര്‍തൃ സമിതിയും ട്രീ വാക് പ്രവര്‍ത്തകരും ചേര്‍ന്ന് ഒത്തുപിടിച്ചപ്പോള്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കപ്പെടുകയാണ്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് സ്കൂളിന്‍െറ അഞ്ചേക്കര്‍ സ്ഥലത്ത് ബസ്ബേ നിര്‍മിക്കാന്‍ തീരുമാനിച്ചത്. കുട്ടികളുടെ കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. ഇതിനെ പ്രതിരോധിക്കാന്‍ ജനകീയ കൂട്ടായ്മ നടത്തിയ പരിശ്രമം വിജയം കണ്ടു. മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന മികവില്‍ കുട്ടികളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനയും 10ാംക്ളാസില്‍ നൂറുമേനി ഹാട്രിക് വിജയവും കരസ്ഥമാക്കി അധികൃതരുടെ കണ്ണ് തുറപ്പിച്ചു. വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പിന്തുണയും കരുത്തായി. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹം എത്തിയത് ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരമായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു മധുരം-2016 എന്ന പേരില്‍ നവാഗതരെ സ്വാഗതം ചെയ്തത്. കൗണ്‍സിലര്‍ എസ്.കെ.പി. രമേശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ സുരേഷ് ബാബു സ്വാഗതം പറഞ്ഞു. ശില്‍പി കാനായി കുഞ്ഞിരാമന്‍, കഥകളി ആചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിപ്പാട്, പി.ടി.എ പ്രസിഡന്‍റ് ഷാജഹാന്‍, സ്കൂള്‍ സംരക്ഷണ സമിതി പ്രസിഡന്‍റ് ഇ.എം. രാധ, സെക്രട്ടറി സജി, അച്യുശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.