വിഴിഞ്ഞം: ബൊള്ളാര്‍ഡ് പരിശോധനാകേന്ദ്രത്തിലും വലിയ കടപ്പുറത്തും സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാന്‍ തീരുമാനം. അടുപ്പിച്ച് രണ്ടുപേര്‍ കടലില്‍ വീണു മരിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ച കലക്ടര്‍ ബിജു പ്രഭാകറാണ് അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്. ഡി.ടി.പി.സിയുടെ സഹായത്തോടെ ബൊള്ളാര്‍ഡ് പരിശോധന കേന്ദ്രത്തിനു സമീപം കടലില്‍ വീണ് മരിച്ചവരുടെ ചിത്രങ്ങള്‍ പതിച്ച മുന്നറിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ബൊള്ളാര്‍ഡിനും പരിസരത്തും മാസങ്ങളായി കത്താത്ത ലൈറ്റുകള്‍ ഉടന്‍ ശരിയാക്കും. ബൊള്ളാര്‍ഡ് പുള്‍ പരിശോധനാകേന്ദ്രത്തിലെ പാറക്കെട്ടിനു മുകളില്‍ ഇറങ്ങാന്‍ സ്ഥാപിച്ചിട്ടുള്ള ചവിട്ടുപടികള്‍ പൊളിച്ച് നീക്കാനും തീരുമാനമായി. പടിക്കെട്ടുകള്‍ പൊളിച്ചു മാറ്റി സഞ്ചാരികള്‍ ഇറങ്ങാതിരിക്കാന്‍ ഉയരമുള്ള ഗേറ്റ് സ്ഥാപിക്കാനാണ് തീരുമാനം. വലിയ കടപ്പുറം മേഖലയില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. സ്ഥലത്ത് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരുക്കേണ്ട സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് ‘മാധ്യമം’ കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്ത നല്‍കിയിരുന്നു. രാത്രികാലങ്ങളില്‍ പുതിയ വാര്‍ഫിനുള്ളില്‍ സാമൂഹികവിരുദ്ധ ശല്യം കൂടിയ സാഹചര്യത്തില്‍ വൈകീട്ട് ആറിന് ശേഷം പൊതുജനത്തെ പ്രവേശിപ്പിക്കരുതെന്ന് തുറമുഖ വകുപ്പിന് നിര്‍ദേശം നല്‍കി. ആവശ്യം വന്നാല്‍ പൊലീസിന്‍െറ സേവനം ആവശ്യപ്പെടാമെന്നും അദ്ദേഹം അറിയിച്ചു. ഹാര്‍ബര്‍ എന്‍ജിനീയറിങ്, ഡി.ടി.പി.സി എന്നിവരുമായി ചേര്‍ന്ന് മതിപ്പുറത്തും ഹാര്‍ബറിലും സുരക്ഷാസംവിധാനങ്ങളില്‍ നവീകരണം വരുത്തുകയും സുരക്ഷാജോലികള്‍ക്കായി കൂടുതല്‍ പൊലീസുകാരെ തുറമുഖപരിസരത്ത് ചുമതലപ്പെടുത്തുകയും ചെയ്യും. മത്സ്യബന്ധന സീസണ്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ വാര്‍ഫിലെ ലൈറ്റുകള്‍ കത്തിക്കാന്‍ സംവിധാനം ഒരുക്കും. തുറമുഖ ബേസിനിലെ സ്ഥലപരിമിതി കാരണം തുറമുഖ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ച ഡ്രഡ്ജറും അനുബന്ധ ഉപകരണങ്ങളും കൊല്ലത്തേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയതായി കളക്ടര്‍ പറഞ്ഞു. ഇറാന്‍ ബോട്ടിലെ ഇന്ധന ടാങ്കില്‍ പകുതിയോളം ഡീസല്‍ ഉള്ളതിനാല്‍ ഇത് അപകടം വരുത്തുമോയെന്ന് അധികൃതര്‍ക്ക് ആശങ്കയുണ്ട്. ബോട്ട് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ എന്‍.ഐ.എയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗുജറാത്ത് ടഗ് മാറ്റുന്ന കാര്യം ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് ആറിന് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം ഫിഷ് ലാന്‍ഡിങ് സെന്‍റര്‍, വലിയ കടപ്പുറം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേട്ടറിഞ്ഞ ശേഷമാണ് കളക്ടര്‍ മടങ്ങിയത്. നെയ്യാറ്റിന്‍കര തഹസില്‍ദാര്‍, റവന്യൂ വകുപ്പ് അധികൃതര്‍, വിഴിഞ്ഞം തുറമുഖ പര്‍സര്‍, തീരദേശ പൊലീസ് സി.ഐ, വിഴിഞ്ഞം സി.ഐ, വിഴിഞ്ഞം തുറമുഖ കമ്പനി എ.ഇ. പ്രദീപ്, അദാനി ഗ്രൂപ് ഉദ്യോഗസ്ഥന്‍ സുശീല്‍ നായര്‍ എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.