അഞ്ചുതെങ്ങിലെ വെള്ളപ്പൊക്കഭീഷണി സ്ഥലങ്ങള്‍ കലക്ടര്‍ സന്ദര്‍ശിച്ചു

ആറ്റിങ്ങല്‍: അഞ്ചുതെങ്ങിലെ വെള്ളപ്പൊക്കഭീഷണി സ്ഥലങ്ങള്‍ കലക്ടര്‍ ബിജു പ്രഭാകര്‍ സന്ദര്‍ശിച്ച് അടിയന്തര നടപടികള്‍ക്ക് നിര്‍ദേശംനല്‍കി. കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം വെള്ളംകയറിയ വീടുകള്‍ സന്ദര്‍ശിക്കുകയും ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും നാട്ടുകാരോടും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്തു. തുടര്‍ന്നാണ് വെള്ളക്കെട്ടിന് കാരണമായ അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൊളിച്ചുമാറ്റാന്‍ നിര്‍ദേശിച്ചത്. പലഭാഗത്തായി ചാലുകള്‍ നികത്തുകയും മതിലുകള്‍ കെട്ടിഅടക്കുകയും ചെയ്തിട്ടുണ്ട്. അവയാണ് ലിപ്തോ മാപ്പിന്‍െറ സഹായത്തോടെ കണ്ടത്തെി പുനഃസ്ഥാപിക്കാന്‍ നിര്‍ദേശംനല്‍കിയത്. നിലവിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണുന്നതിന് മൈനര്‍ ഇറിഗേഷന്‍ വകുപ്പിനോട് എസ്റ്റിമേറ്റ് തയാറാക്കാന്‍ നിര്‍ദേശിക്കും. മേഖലയിലെ കുളങ്ങളുടെ ആഴം കൂട്ടിയശേഷം കെട്ടിനില്‍ക്കുന്ന ജലം പമ്പ് ചെയ്ത് മാറ്റുന്ന കാര്യത്തെക്കുറിച്ച് വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കാമെന്നും കലക്ടര്‍ അറിയിച്ചു. അഞ്ചുതെങ്ങില്‍ താഴ്ന്നപ്രദേശങ്ങളില്‍ മഴക്കാലത്ത് വെള്ളകെട്ട് രൂപപ്പെടുന്നത് പതിവാണ്. എന്നാല്‍, സ്വാഭാവികമായി നീരൊഴുക്കിനുള്ള വഴികള്‍ സ്വകാര്യവ്യക്തികള്‍ കെട്ടിഅടച്ചതോടെ വീടുകളില്‍ വെള്ളംകയറുകയും മഴമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയുണ്ടായി. വീടിന്‍െറ തറക്ക് ചുറ്റും വെള്ളം കെട്ടിനില്‍ക്കുന്നത് വീടിന്‍െറ ബലക്ഷയത്തിനും തകര്‍ച്ചക്കും കാരണമായിട്ടുണ്ട്. വീടുകളിലേക്ക് പ്രവേശിക്കാനാകാത്തവിധം പരിസരം വെള്ളംനിറഞ്ഞ നിലയിലാണ്. പലഭാഗത്തും മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ട് പായല്‍മൂടിയ അവസ്ഥയിലായി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ് അഞ്ചുതെങ്ങ്. ഇവിടെ മലിനജലം കെട്ടിനില്‍ക്കുന്നത് കൊതുക് പെരുകുന്നതിനും പകര്‍ച്ചവ്യാധികള്‍ പടരുന്നതിനും കാരണമായിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ജനപ്രതിനിധികള്‍ നല്‍കിയ പരാതികളെ തുടര്‍ന്നാണ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ഷൈലജാബീഗം, ബ്ളോക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സുരേന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ എസ്. പ്രവീണ്‍ചന്ദ്ര, ലിജാബോസ്, റെജി ജോര്‍ജ് എന്നിവരും റവന്യൂ ഉദ്യോഗസ്ഥരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.