ദമ്പതികളുടെയും കുട്ടിയുടെയും മരണം: കെട്ടിടം കേന്ദ്രീകരിച്ച് അന്വേഷണം

മണ്ണന്തല: വിഷവാതകം ശ്വസിച്ച് ദമ്പതികളും നാലുവയസ്സുകാരി മകളും മരിച്ച സംഭവത്തിന്‍െറ ഞെട്ടല്‍മാറാതെ മരുതൂര്‍ ഗ്രാമം. സംഭവത്തില്‍ കെട്ടിടം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് കുടുംബം മരിച്ചതെന്ന വാര്‍ത്ത നാട്ടുകാരില്‍ ഭീതിവര്‍ധിപ്പിച്ചു. പതിവായി രാവിലെ ദമ്പതികള്‍ കോളജിലേക്കും മകള്‍ സ്കൂളിലേക്കും പോകുന്നത് കാണുന്ന അയല്‍വാസികള്‍ക്ക് മൂന്നംഗകുടുംബം മരിച്ച സത്യം ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. വെള്ളിയാഴ്ച വൈകീട്ട് ധനുവച്ചപുരത്തെ കുടുംബത്തിലേക്ക് മടങ്ങുന്ന ഇവര്‍ ഞായറാഴ്ച വൈകുന്നേരമോ തിങ്കളാഴ്ച രാവിലെയോയാണ് മടങ്ങിവരാറ്. ഒന്നരവര്‍ഷം മുമ്പാണ് ധനുവച്ചപുരം പരുത്തിവിള എയ്തുകൊണ്ടാന്‍വിള ഗ്രയ്സ് കോട്ടേജില്‍ അനില്‍രാജും (37) ഭാര്യ അരുണയും (27) മകള്‍ അലീഷയോടൊപ്പം ഇവിടെ വാടകക്ക് താമസിക്കാന്‍ വന്നത്. സംഭവത്തില്‍ മണ്ണന്തല പൊലീസ് വിശദഅന്വേഷണം ആരംഭിച്ചു. മൂന്നുനിലകളിലായി നിര്‍മിച്ച കെട്ടിടത്തിന്‍െറ ഏറ്റവുംതാഴത്തെ നിലയിലാണ് മരിച്ച മൂന്നംഗകുടുംബം വാടകക്ക് താമസിച്ചിരുന്നത്. മതിയായരീതിയില്‍ കാറ്റും വെളിച്ചവും കടന്നുവരാത്ത സെല്ലാര്‍ ഭാഗമായിരുന്നിത്. രാത്രി മൂവരും ഉറക്കമായത്തിന് ശേഷം ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയും വിഷവാതകം മുറികളില്‍ വ്യാപിക്കുകയുമായിരുന്നെന്നാണ് നിഗമനം. അമിതമായ അളവില്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെയും കണ്ടത്തെല്‍. കരകുളം പഞ്ചായത്തിലെ മരുതൂര്‍ വാര്‍ഡില്‍പെട്ടതാണ് ഈ കെട്ടിടം. കെട്ടിടം നിര്‍മിക്കുന്നതിന് പഞ്ചായത്തില്‍ ഹാജരാക്കിയ പ്ളാന്‍ പ്രകാരം സെല്ലാര്‍ ഭാഗത്ത് താമസത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. സാധാരണയായി തദ്ദേശസ്ഥാപനങ്ങള്‍ സെല്ലാറുകളില്‍ താമസാനുമതി നല്‍കാറില്ല. വാഹന പാര്‍ക്കിങ് ഏരിയ, സ്റ്റോര്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് ഇത്തരം സ്ഥലങ്ങള്‍ ഉപയോഗിക്കുന്നത്. അനധികൃതമായി വാടകക്ക് നല്‍കിയതാണെന്ന് തെളിഞ്ഞാല്‍ കെട്ടിടഉടമക്കെതിരെ നിയമനടപടികള്‍ എടുക്കുമെന്നും അന്വേഷണഉദ്യോഗസ്ഥര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.