ഭൂമിയേറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കും –കലക്ടര്‍

തിരുവനന്തപുരം: കരമന-കളിയിക്കാവിള റോഡ് രണ്ടാംഘട്ട വികസനത്തിനുള്ള ഭൂമിയേറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാവച്ചമ്പലം-വഴിമുക്ക്് ഭാഗത്തെ പ്രവൃത്തികള്‍ക്കായി നൂറുകോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ടാംഘട്ട വികസനം അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനുള്ള തുടര്‍നടപടികള്‍ ഊര്‍ജിതമാക്കാന്‍ സ്പെഷല്‍ ടീമിനെ നിയോഗിച്ചു. പ്രാവച്ചമ്പലം - ബാലരാമപുരം ഭാഗത്തെ കരാര്‍ നടപടികള്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കി ഒരുമാസത്തിനുള്ളില്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുംവിധം നടപടികള്‍ പുരോഗമിക്കുകയാണ്. ഇരുവശവുമുള്ള മരങ്ങളുടെ നമ്പരിടല്‍ പൂര്‍ത്തിയായി. കെട്ടിടങ്ങളുടെയും മറ്റും ലേല നടപടികള്‍ പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കിയാലുടന്‍ തുടര്‍പ്രവൃത്തികള്‍ തുടങ്ങും. ബാലരാമപുരം- വഴിമുക്ക് ഭാഗത്തെ ഭൂമിവില സംസ്ഥാനതല ഉന്നതാധികാരസമിതി അംഗീകരിച്ചു നല്‍കുന്ന മുറക്ക് ആ ഭാഗത്തെ സ്ഥലവും ഏറ്റെടുക്കും. ബന്ധപ്പെട്ട സ്ഥലവാസികളും വ്യാപാരികളും വേണ്ട മുന്നൊരുക്കമെടുക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.യോഗത്തില്‍ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.