ദുരിതംപേറി അഞ്ചുതെങ്ങ് പഞ്ചായത്ത് നിവാസികള്‍

ആറ്റിങ്ങല്‍: പൊതുശ്മശാനമില്ലാത്തത് തീരദേശമേഖലയില്‍ മൃതദേഹം ദഹിപ്പിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലാണ് ജനങ്ങള്‍ കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണിത്. ഭൂരിഭാഗവും ഒറ്റമുറി വീടുകളാണ്. ചുവരിനോട് ചേര്‍ന്നാണ് അടുത്ത വീട് സ്ഥിതി ചെയ്യുന്നത്. എല്ലാ വിധ മതവിഭാഗങ്ങളും തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്തില്‍ ഹൈന്ദവ മതസ്ഥരാണ് പ്രതിസന്ധി നേരിടുന്നത്. ഇവര്‍ക്ക് ആചാരപ്രകാരം മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിനോ സ്ഥലപരിമിതിയുള്ളതിനാല്‍ അടക്കം ചെയ്യുന്നതിനോ സാധിക്കുന്നില്ല. അടിക്കടി വെള്ളപ്പൊക്ക ഭീഷണിയും ഈ കരപ്രദേശത്ത് നിലനില്‍ക്കുണ്ട്. അഞ്ചുതെങ്ങിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും വെള്ളം കയറിക്കഴിഞ്ഞാല്‍ ആഴ്ചകളോളമാണ് മലിനജലം തങ്ങി നില്‍ക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ മതാചാര പ്രകാരം ദഹിപ്പിക്കുവാനോ മറവ് ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്. പഞ്ചായത്തുതല വികസന പദ്ധതിരേഖകള്‍ തയാറാക്കുമ്പോള്‍ പൊതുശ്മശാനം പദ്ധതിയായി ഉള്‍പ്പെടുത്തണം എന്ന നിര്‍ദേശം ഉയര്‍ന്ന് വരാറുണ്ട്. എന്നാല്‍, അഞ്ചുതെങ്ങ് പഞ്ചായത്തിലെ ഓരോ പദ്ധതിരേഖകളിലും പൊതുശ്മശാനം ഉള്‍പ്പെടുത്തുകയും പദ്ധതിരേഖ പസാക്കാറുമുണ്ട്. എന്നാല്‍, നിര്‍മാണത്തിന് സ്ഥലം കണ്ടത്തൊന്‍ കഴിയുന്നില്ല എന്ന ന്യായം നിരത്തി ഒഴിവാക്കപ്പെടുകയുമാണ്. ഇത്തരം ആവശ്യങ്ങള്‍ക്കായി ചുടുകാട് (ശ്മശാനം) എന്ന സ്ഥലം അഞ്ചുതെങ്ങില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്നു. ഈ സ്ഥലം സ്വകാര്യവ്യക്തികള്‍ കൈയേറിയിരിക്കുകയാണ്. പ്രാദേശിക ഭരണകൂടത്തിന്‍െറ പരാജയമാണ് ഇത്തരം അവസ്ഥ സൃഷ്ടിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. പൊതുശ്മശാനം എന്ന ആവശ്യം ഉയര്‍ത്തി പ്രക്ഷോഭം ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.