മുതലപ്പൊഴി ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞു

ആറ്റിങ്ങല്‍: മുതലപ്പൊഴി ഹാര്‍ബറില്‍ വീണ്ടും മത്സ്യബന്ധന ബോട്ട് മറഞ്ഞു, നാലുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. പൂത്തുറ സ്വദേശികളായ ജോസ്, ഷിബു, സുനില്‍, ബനഡിക്ട് എന്നിവരാണ് രക്ഷപ്പെട്ടത്. പൂത്തുറ സ്വദേശി ജോസ് പാപ്പച്ചന്‍െറ ഉടമസ്ഥതയിലുള്ള സെന്‍റ്മേരി എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാവിലെ ആറിനാണ് സംഭവം. മുതലപ്പൊഴി ഹാര്‍ബറിലൂടെ മത്സ്യബന്ധനത്തിന് കടലിലേക്ക് പുറപ്പെട്ട ബോട്ട് ഹാര്‍ബറിന് മുന്നിലായി കടലില്‍ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. ഹാര്‍ബറിന് സമീപത്ത് ചൂണ്ടയിടാനത്തെിയവര്‍ മത്സ്യത്തൊഴിലാളികളുടെ നിലവിളി കേട്ടാണ് അപകട വിവരം അറിയുന്നത്. ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ച് ഇതര മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നാലുപേരെയും കരയ്ക്കത്തെിക്കുകയായിരുന്നു. ബോട്ടിന് കേടുപാടുണ്ടാവുകയും രണ്ട് എന്‍ജിനുകളും നാലു വലയും നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ചുതെങ്ങ് തീരത്തുണ്ടാകുന്ന നാലാമത്തെ മത്സ്യബന്ധന ബോട്ടപകടമാണിത്. ശക്തമായ തിരയില്‍പ്പെട്ടാണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്. നിലവില്‍ ഹാര്‍ബറിന്‍െറ പ്രവേശ കവാടത്തിലും ബ്രേക്ക് വാട്ടറുകള്‍ക്ക് അപ്പുറത്തുനിന്നും തിരമാല ഉദ്ഭവിക്കുകയാണ്. ഇതാണ് ഹാര്‍ബറിലൂടെ മത്സ്യബന്ധനത്തിന് പോകുന്നവര്‍ അപകടത്തില്‍പ്പെടുന്നതിന് കാരണമാകുന്നത്. ഹാര്‍ബര്‍ നിര്‍മിക്കുന്നതോടെ പൊഴി അഴിയായി മാറുകയും തിരയില്‍പ്പെടാതെ മത്സ്യബന്ധന വള്ളങ്ങള്‍ക്ക് കടലിലേക്ക് ഇറങ്ങുവാനും സാധിക്കണം. എന്നാല്‍, മുതലപ്പൊഴിയില്‍ പൊഴിമുഖത്തുനിന്ന് തിര ഉദ്ഭവിക്കുന്നത് കാരണം ബോട്ടുകള്‍ മറിയുന്നത് പതിവാകുകയാണ്. പൊഴിമുഖത്ത് തിരയുണ്ടാകുന്നത് പൊഴിമൂടപ്പെടുന്നതിനും കാരണമാകും. വീണ്ടും ഡ്രെഡ്ജിങ് ചെയ്യേണ്ട അവസ്ഥയാണ്. അതേസമയം, തുടര്‍ച്ചയായി മത്സ്യബന്ധന വള്ളം മറിയുന്നത് അഞ്ചുതെങ്ങ് തീരത്ത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.