വിഴിഞ്ഞം ഡിപ്പോയില്‍ ആവശ്യത്തിന് ഡ്രൈവര്‍മാരില്ല; സര്‍വിസുകള്‍ റദ്ദാക്കുന്നു

വിഴിഞ്ഞം: കെ.എസ്.ആര്‍.ടി.സിയുടെ വിഴിഞ്ഞം ഡിപ്പോയില്‍ ആവശ്യത്തിനു ഡ്രൈവര്‍മാരില്ലാത്തതിനാല്‍ സര്‍വിസുകള്‍ റദ്ദാക്കേണ്ടി വരുന്നു. ഉള്ള ഡ്രൈവര്‍മാര്‍ക്കാകട്ടെ വിശ്രമത്തിനു പോലും ഇട നല്‍കാതെ ഡ്യൂട്ടി ചെയ്യേണ്ട ദു$സ്ഥിതിയും. തുടര്‍ച്ചയായ ഡ്യൂട്ടി ചെയ്യേണ്ടി വരുന്നതിനാല്‍ ദൂരദേശങ്ങളില്‍നിന്നുള്ള ഈ ഡ്രൈവര്‍മാര്‍ക്ക് ഉറങ്ങാന്‍ പോലുമാകുന്നില്ളെന്നാണ് പരാതി. ആകെ 72 ഷെഡ്യൂളുകളും 68 ബസുകളുമുള്ള വിഴിഞ്ഞം ഡിപ്പോയില്‍ നിലവില്‍ അമ്പതില്‍ താഴെ സര്‍വിസുകള്‍ മാത്രമാണുള്ളതെന്ന് ഡിപ്പോ അധികൃതര്‍ പറയുന്നത്. നേരത്തേ 55 സര്‍വിസുകള്‍ വരെയെങ്കിലും ഓപറേറ്റ് ചെയ്തിരുന്നുവത്രെ. ഇതിനായി 152 ഡൈവര്‍മാരെങ്കിലും വേണം. ഇവിടെ ഉള്ളതാകട്ടെ 139 പേര്‍ മാത്രം. ഫാസ്റ്റ് സര്‍വിസുകളുള്‍പ്പെടെയാണ് പല ദിവസങ്ങളിലും ഡ്രൈവര്‍മാരില്ലാത്തതിനാല്‍ റദ്ദാക്കപ്പെടുന്നത്. എത്ര സര്‍വിസ് ഓടിച്ചാലും യാത്രക്കാരും അതിനൊപ്പം നല്ല കലക്ഷനും ലഭിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ പ്രെസ്റ്റീജ് സെക്ടറാണ് വിഴിഞ്ഞം. ഇത്രയും സര്‍വിസ് റദ്ദാക്കലിനിടെ പോലും ശരാശരി ഏഴു ലക്ഷത്തില്‍പ്പരം രൂപ പ്രതിദിന കലക്ഷനാണ് ഡിപ്പോക്ക് ലഭിക്കുന്നത്. ഡബ്ള്‍ ഡ്യൂട്ടി എടുത്ത് വിശ്രമത്തിനു പോകുന്ന ഡ്രൈവര്‍മാരെ നിവൃത്തിയില്ലാതെ ഉടനെ വീണ്ടും അടുത്ത ഡ്യൂട്ടിക്ക് നിര്‍ബന്ധിച്ച് വിളിക്കേണ്ട സ്ഥിതിയിലാണ് ഡിപ്പോ അധികൃതര്‍. തുടര്‍ച്ചയായ ഡ്യൂട്ടി ഡ്രൈവര്‍മാരില്‍ മാനസിക, ശാരീരിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. ഡ്രൈവിങ് പോലുള്ള അതീവശ്രദ്ധ വേണ്ട ജോലികളില്‍ മതിയായ വിശ്രമം നല്‍കാതെയുള്ള ഡ്യൂട്ടിക്കു നിയോഗിക്കല്‍ അപകട സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുകയാണ്. അധിക ഡ്രൈവര്‍മാരുള്ള ഇതര ഡിപ്പോകളില്‍നിന്ന് ഇവിടേക്ക് കൂടുതല്‍ ഡ്രൈവര്‍മാരെ നിയോഗിക്കാന്‍ ബന്ധപ്പെട്ടവര്‍ സത്വര നടപടിയെടുത്തില്ളെങ്കില്‍ വരും ദിവസങ്ങളില്‍ ഡിപ്പോയില്‍നിന്ന് ബസ് സര്‍വിസുകള്‍ നടത്താനാകാത്ത സ്ഥിതിയുണ്ടായേക്കുമെന്ന് ആശങ്കയുയര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.