തിരിമറികള്‍ തുറന്നുകാട്ടി കോര്‍പറേഷന്‍ ഓഡിറ്റ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സബ്സിഡി മാര്‍ഗരേഖ മാനദണ്ഡങ്ങള്‍ ലംഘിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍െറ ആനുകൂല്യങ്ങള്‍ നേടിയവരില്‍ സര്‍ക്കാര്‍ ജീവനക്കാരും. സര്‍ക്കാര്‍ സേവകരുള്‍പ്പെടെ ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കരുതെന്ന മാര്‍ഗനിര്‍ദേശം ലംഘിച്ചാണ് പദ്ധതികള്‍ നടപ്പാക്കിയതെന്ന് 2013-14 വര്‍ഷത്തെ ഓഡിറ്റില്‍ കണ്ടത്തെി. ഇതേതുടര്‍ന്ന്, നഷ്ടമായ തുക ബന്ധപ്പെട്ട നിര്‍വഹണോദ്യോഗസ്ഥനില്‍നിന്ന് ഈടാക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സബ്സിഡി മാര്‍ഗരേഖയില്‍ കുടുംബവാര്‍ഷിക വരുമാനം 50,000 രൂപയില്‍ താഴെയുള്ളവര്‍ക്കും നാമമാത്ര ചെറുകിട കര്‍ഷകര്‍ക്കുമാണ് തൊഴുത്ത് നിര്‍മാണത്തിന് (ജനറല്‍) 50,000 രൂപ വീതം നല്‍കാമെന്ന് വ്യവസ്ഥയുള്ളത്. വരുമാനം 50,000 താഴെയുള്ളവര്‍ക്ക് ആനുകൂല്യം നല്‍കിയശേഷമേ നാമമാത്ര ചെറുകിട കര്‍ഷകരെ പരിഗണിക്കാവൂവെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, എയ്ഡഡ്, സഹകരണസ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടുന്ന കുടുംബത്തെയും വാര്‍ഷിക വരുമാനം 50,000ല്‍ താഴെയുള്ളതായി പരിഗണിക്കാന്‍ പാടില്ളെന്നും മാര്‍ഗരേഖയില്‍ പറയുന്നു. എന്നാല്‍, പരിശോധനയില്‍ 50,000നുമേല്‍ വരുമാനമുള്ളവര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെട്ട കുടുംബങ്ങള്‍ക്കും ആനുകൂല്യം നല്‍കിയതായാണ് കണ്ടത്തെിയിരിക്കുന്നത്. ഇതേതുടര്‍ന്ന് അര്‍ഹതയില്ലാതെ ആനുകൂല്യം കൈപ്പറ്റിയ 16 പേരുടെ തുകയായ 1,06,000 രൂപ നിര്‍വഹണോദ്യോഗസ്ഥനില്‍നിന്ന് ഈടാക്കണമെന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ട്ട് താലൂക്കാശുപത്രിയിലെ മെഡിക്കല്‍ ലബോറട്ടറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ടെന്‍ഡറില്‍ പങ്കെടുക്കാത്ത സ്ഥാപനത്തില്‍നിന്ന് വാങ്ങിയത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒട്ടേറെ സ്ഥാപനങ്ങള്‍ ടെന്‍ഡറില്‍ പങ്കെടുത്തെങ്കിലും ഏറ്റവും അനുയോജ്യ ടെന്‍ഡര്‍ സമര്‍പ്പിച്ചത് ഓംകാര്‍ എന്‍റര്‍പ്രൈസസ് എന്ന സ്ഥാപനമാണ്. 46,131.75 രൂപയാണ് ക്വോട്ട് ചെയ്തത്. എന്നാല്‍, ടെന്‍ഡറില്‍ പങ്കെടുക്കാത്ത എ.ബി.സി ഡയഗ്നോസ് എന്ന സ്ഥാപനത്തില്‍നിന്ന് 54,538 രൂപക്കാണ് സാധനം വാങ്ങിയത്. ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങള്‍ക്ക് ലാബ് ഉപകരണങ്ങള്‍ ഉയര്‍ന്ന നിരക്കിലെ ക്വട്ടേഷന്‍ അംഗീകരിച്ച് വാങ്ങിയ ഇനത്തില്‍ കോര്‍പറേഷന് 2,18,595 രൂപയുടെ നഷ്ടമുണ്ടായി. സ്കൂളുകളില്‍ ലാബ് ഉപകരണങ്ങള്‍ ആവശ്യകത നിര്‍ണയിക്കാതെ വാങ്ങിയതില്‍ 39, 09, 453 രൂപയുടെ പാഴ്ച്ചെലവുണ്ടായതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദ്യാഭ്യാസമേഖലയില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചതിലും ലക്ഷങ്ങളുടെ പാഴ്ച്ചെലവ് സംഭവിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പല പ്രോജക്ടിലും ഒരേ കുട്ടികള്‍തന്നെ പങ്കെടുത്ത് ആനുകൂല്യംപറ്റി. ഇത്തരത്തില്‍ ചെലവായ 94,216 രൂപ നിര്‍വഹണോദ്യോഗസ്ഥനില്‍നിന്ന് ഈടാക്കാനും റിപ്പോര്‍ട്ട് പറയുന്നു. കെ.എസ്.യു.ഡി.പി- ജനുറം പദ്ധതിയില്‍ കോര്‍പറേഷന്‍ 73.50 ലക്ഷം രൂപക്ക് വാങ്ങിയ റോഡ് സ്വീപിങ് മെഷീന്‍ മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തനരഹിതമായി. കോര്‍പറേഷന് ഈ വാഹനം അനുയോജ്യമല്ളെന്ന ശിപാര്‍ശ കണക്കിലെടുക്കാതെ വാങ്ങിയതിനാല്‍ ഇതിനകം 99.69 കോടിയോളം ചെലവും വന്നു. മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന-അറ്റകുറ്റപ്പണിക്ക് കരാര്‍പ്രകാരം 1.25 കോടിയാണ് നിശ്ചയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.