തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍െറ ഭാഗവും പൈതൃകവുമായ പത്മതീര്‍ഥക്കുളക്കടവിലെ കല്‍മണ്ഡപം പൊളിച്ച നടപടിയില്‍ പ്രതിഷേധമിരമ്പി. സംഭവം വിവാദമായതോടെ ശനിയാഴ്ച കലക്ടര്‍ ബിജു പ്രഭാകര്‍ വിളിച്ച യോഗത്തിലാണ് വിവിധ സംഘടനകള്‍ അവരുടെ പ്രതിഷേധം അറിയിച്ചത്. തുടര്‍ന്ന് ഇരുപത് ദിവസത്തിനകം കല്‍മണ്ഡപം പൈതൃക തനിമയോടെ പുനര്‍നിര്‍മിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. മണ്ഡപം പൊളിക്കാന്‍ ഇടയായ സാഹചര്യവും കുളത്തിന്‍െറ നടക്കാനിരിക്കുന്ന നവീകരണജോലികളും അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചു. മേയ് മാസത്തിനകം കുളം നവീകരിക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് ജോലി തുടങ്ങിയത്. ഇതിന് ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതില്‍ 23 ലക്ഷത്തോളം രൂപ ചെലവിട്ട് നവീകരണം പൂര്‍ത്തിയാക്കി. എന്നാല്‍, ഡ്രെയിനേജ് മാലിന്യം വന്നിറങ്ങുന്നതും ജലം കെട്ടിനില്‍ക്കുന്നതും കുളത്തെ വീണ്ടും മലിനമാക്കുമെന്ന് വ്യക്തമായി. അതിനാല്‍ 1.64 കോടി ചെലവില്‍ ആധുനികരീതിയില്‍ സ്നാനഘട്ടം പണിയാന്‍ തീരുമാനിക്കുകയായിരുന്നു. വിവിധ ഏജന്‍സികളെ സമീപിച്ചെങ്കിലും ആരും ഏറ്റെടുക്കാന്‍ തയാറാകാത്തതിനാലാണ് നിര്‍മിതി കേന്ദ്രത്തെ ഏല്‍പിച്ചത്. പൗരാണിക നിര്‍മിതികള്‍ നിലനിര്‍ത്തിയാണ് പണികള്‍ തീരുമാനിച്ചതെന്നും ഇതിന് വാസ്തുവിദഗ്ധന്‍ കാണിപ്പയ്യൂര്‍, പുരാവസ്തുവകുപ്പ് തുടങ്ങി എല്ലാവരുടെയും സമ്മതം ലഭിച്ചിരുന്നതായും കലക്ടര്‍ വ്യക്തമാക്കി. ഒമ്പതില്‍ ചില കല്‍മണ്ഡപങ്ങള്‍ തകര്‍ച്ച നേരിടുന്നതായി പരിശോധനയില്‍ വ്യക്തമായെന്നും ചിത്രങ്ങള്‍ കാട്ടി അദ്ദേഹം പറഞ്ഞു. ഇവ പൊളിച്ച് പുനര്‍നിര്‍മിക്കണമെന്നാണ് പദ്ധതിയില്‍ പറയുന്നത്. തുടര്‍ന്ന് സംഭവത്തെ ന്യായീകരിക്കാന്‍ കലക്ടര്‍ ശ്രമിക്കുന്നതായി ആരോപിച്ച് സംഘടനകള്‍ പ്രതിഷേധിച്ചു. ക്ഷേത്ര എക്സിക്യൂട്ടിവ് ഓഫിസര്‍ യോഗത്തില്‍ എത്താത്തതും പലരും ചോദ്യം ചെയ്തു. ഇതോടെ മണ്ഡപം പൊളിക്കുന്നത് താന്‍ അറിഞ്ഞില്ളെന്നും നടപടി തെറ്റായിപ്പോയെന്നും അദ്ദേഹം സമ്മതിച്ചു. എതിര്‍പ്പുണ്ടെങ്കില്‍ പദ്ധതിയുമായി മുന്നോട്ടില്ളെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍, പൈതൃകം നിലനിര്‍ത്തി പദ്ധതി നിര്‍മാണത്തിന് എല്ലാവരും പിന്തുണ അറിയിച്ചു. ഇതോടെ തുടര്‍നിര്‍മാണം നിരീക്ഷിക്കാന്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ കമ്മിറ്റി ഉണ്ടാക്കാമെന്നും എന്‍ജിനീയറിങ് വിദഗ്ധനെ നിയമിക്കാമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. കൗണ്‍സിലര്‍ സുരേഷ്, ബി.ജെ.പി നേതാക്കളായ പി. അശോക് കുമാര്‍, അഡ്വ. മുരളി, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി സന്ദീപ്, കിഴക്കേകോട്ട പൗരസമിതി പ്രസിഡന്‍റ് പി.കെ.എസ്. രാജന്‍, വിശ്വഹിന്ദു പരിഷത് നേതാക്കള്‍, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികള്‍, വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മന്ത്രി വി.എസ്. ശിവകുമാര്‍ മണ്ഡപം പൊളിച്ച സ്ഥലം ശനിയാഴ്ച സന്ദര്‍ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.