തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയെന്ന പേരില്‍ പ്രശസ്തമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലക്ക് ഭക്തര്‍ തലസ്ഥാനത്തേക്ക് ഒഴുകിത്തുടങ്ങി. പൊങ്കാലക്ക് ഒരുദിവസം മാത്രം ശേഷിക്കെ പാതയോരങ്ങളിലും മറ്റും അടുപ്പുകള്‍ നിരന്നു. ക്ഷേത്രത്തിന് സമീപംതന്നെ പൊങ്കാല അര്‍പ്പിക്കാനാണ് ഭക്തര്‍ ശനിയാഴ്ച മുതല്‍തന്നെ അടുപ്പുകൂട്ടി കാത്തിരിക്കുന്നത്. സമീപജില്ലകള്‍ കൂടാതെ അയല്‍സംസ്ഥാനങ്ങളില്‍നിന്നും ഭക്തര്‍ എത്തിത്തുടങ്ങി. ഇതോടെ വന്‍തിരക്കാണ് ക്ഷേത്രത്തിലും പരിസരത്തും ഉണ്ടാകുന്നത്. അതേസമയം, ഒരുക്കം പൂര്‍ണ സജ്ജമാണെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഇത്തവണ പൊങ്കാലയിടുന്ന ഭക്തര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായി നടപ്പാക്കുന്ന പദ്ധതിയില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലയിടുന്ന ഭക്തര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടും. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. പൊങ്കാലക്കും തുടര്‍ന്നുനടക്കുന്ന പുറത്തെഴുന്നള്ളത്തിനും ശക്തമായ ക്രമീകരണമാണ് സര്‍ക്കാര്‍ സഹായത്തോടെ ഏര്‍പ്പെടുത്തുന്നത്. പ്ളാസ്റ്റിക് നിരോധത്തിന് നഗരസഭയുടെ നടപടി ഫലം കാണുമെന്നാണ് പ്രതീക്ഷ. നിവേദ്യത്തിന് 250 പൂജാരിമാരെ നിയോഗിക്കും. പുറത്തെഴുന്നള്ളത്തിന് ഏഴുവീതം കുത്തിയോട്ട ബാലന്മാരെ ഉള്‍പ്പെടുത്തി 120 ഗ്രൂപ്പുകളായി കലാകാരന്മാര്‍ അണിനിരക്കും. ചൊവ്വാഴ്ച രാത്രി 11ന് എഴുന്നള്ളത്ത് ആനപ്പുറത്തായതിനാല്‍ ബുധനാഴ്ച രാവിലെ നേരത്തേ തിരികെ എത്താന്‍ ആവശ്യമായ നടപടി സ്വീകരിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. സുരക്ഷക്ക് കൂടുതല്‍ ഭാഗങ്ങള്‍ കാമറ നിരീക്ഷണത്തിലാണ്. ക്ഷേത്ര ട്രസ്റ്റ് ഓഫിസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ നായര്‍, പ്രസിഡന്‍റ് വി.എല്‍. വിനോദ്, സെക്രട്ടറി സി.അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ആചാരങ്ങളുടെ ഭാഗമായി ഞായറാഴ്ച രാവിലെ ഏഴിനാണ് നടതുറക്കുക. ഉഷപൂജ, ആയില്യപൂജ, ഭഗവതിസേവ എന്നിവയാണ് പ്രധാന പൂജകള്‍. സംഗീതസന്ധ്യ, ഗാനമേള, നൂപുരധ്വനികള്‍ എന്നിവയാണ് പ്രധാന കലാപരിപാടികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.