ആശങ്കയോടെ പൊലീസ്

തിരുവനന്തപുരം: റൂറല്‍ ജില്ലയില്‍ അടുത്തടുത്ത ദിവസങ്ങളിലുണ്ടായ കൊലപാതകങ്ങള്‍ പൊലീസിന്‍െറ ആശങ്ക വര്‍ധിപ്പിക്കുന്നു. ജനുവരി 27നാണ് ആറ്റിങ്ങല്‍ ബസ്സ്റ്റാന്‍ഡിന് സമീപത്ത് യുവതിയെ കാമുകന്‍ വെട്ടിക്കൊന്നത്. ഇതിന്‍െറ നടുക്കം മാറുംമുമ്പ് 31ന് വക്കത്ത് യുവാവിനെ അക്രമിസംഘം തല്ലിക്കൊന്നു. അന്നേദിവസം തന്നെ നെടുമങ്ങാട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് മറ്റൊരുയുവാവിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി. 300ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യരണ്ടുസംഭവങ്ങളും പട്ടാപ്പകലാണ് നടന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട് നടന്ന സംഭവങ്ങളെന്ന് പൊലീസ് ന്യായീകരിക്കുന്നുണ്ടെങ്കിലും ഏറെ ആശങ്കയോടെയാണ് ജില്ലാ പൊലീസ് നേതൃത്വം ഉറ്റുനോക്കുന്നത്. പൊലീസിന് വിപുലമായ ഇന്‍റലിജന്‍സ് സംവിധാനവും ഷാഡോ സംഘവും ഉണ്ടായിരുന്നിട്ടും കൊലപാതകങ്ങള്‍ മുന്‍കൂട്ടി അറിയാനും തടയാനും സാധിച്ചില്ല എന്നത് ക്ഷീണമാണ്. വക്കത്ത് കൊല്ലപ്പെട്ട ഷെബീറും കൊല നടത്തിയ സംഘാംഗങ്ങളും തമ്മില്‍ മാസങ്ങളായി വൈരത്തിലാണ്. ഇവര്‍ അടിക്കടി അടിപിടികള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. എന്നിട്ടും നിരീക്ഷണം ശക്തമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. ഏതാനും ദിവസംമുമ്പാണ് കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ പോയ സബ് ഇന്‍സ്പെക്ടറെ ഗുണ്ടകള്‍ വെട്ടിപ്പരിക്കേല്‍പിച്ചത്. അക്രമത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. ഇതേ സ്റ്റേഷന്‍ പരിധിയില്‍ അക്രമിസംഘം യുവാവിനെ തല്ലിക്കൊന്നത് സംഭവത്തിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നു. അതേസമയം, മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. കൊലപാതകക്കേസുകളില്‍ പ്രതികളെയെല്ലാം കാലതാമസമില്ലാതെ പിടികൂടാനായതും നേട്ടമായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പൊലീസ് സ്റ്റേഷനുകളുള്ള ജില്ലയാണ് തിരുവനന്തപുരം റൂറല്‍. അതിനനുസരിച്ചുള്ള സേനാബലം അനുവദിക്കപ്പെട്ടിട്ടുമില്ല. പരിമിതികള്‍ക്കുള്ളില്‍നിന്ന് പരമാവധി കുറ്റമറ്റരീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ. ഷെഫീന്‍ അഹമ്മദ് ‘മാധ്യമ’ ത്തോട് പറഞ്ഞു. 2015ല്‍ 34 കൊലപാതകങ്ങളാണ് റൂറലില്‍ നടന്നത്. 67ഓളം കൊലപാതകശ്രമങ്ങളുമുണ്ടായി. ഇത് മുന്‍വര്‍ഷങ്ങളെക്കാള്‍ കുറവാണ്. 2014ല്‍ 40 കൊലപാതകങ്ങളാണ് ഇവിടെ നടന്നത്. ഇതു കുറക്കാന്‍ സാധിച്ചത് പൊലീസിന്‍െറ സമയോചിത ഇടപെടല്‍ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.