പടി നല്‍കിയാല്‍ എന്തും കടത്താം

നെയ്യാറ്റിന്‍കര: ഉദ്യോഗസ്ഥര്‍ക്ക് പടി നല്‍കിയാല്‍ നികുതിവെട്ടിച്ച് അമരവിളയിലെയും സമീപ ചെക്ക്പോസ്റ്റുകളിലെയും ചെക്ക്പോസ്റ്റുകള്‍ വഴി എന്തും അതിര്‍ത്തികടത്താം. വാഹന നികുതിവെട്ടിപ്പ് തടയാനുള്ള പരിശോധന പേരിനായതോടെ ലക്ഷങ്ങളുടെ കോഴയാണ് പ്രതിദിനം അതിര്‍ത്തിയില്‍ കൈമാറുന്നത്. കോഴികടത്ത് വാഹനത്തിന് പിന്നാലെ പോയി മറ്റ് വാഹനങ്ങളെ കടത്തിവിടുന്ന തന്ത്രമാണ് നിലവില്‍ ഇവിടെ നടക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് പണംനല്‍കിയാല്‍ ഒരുപരിശോധനയും കൂടാതെ ചെക്ക്പോസ്റ്റ് കടത്തിവിടും. ഇത്തരത്തില്‍ സര്‍ക്കാറിന് ദിനംപ്രതി ലക്ഷങ്ങള്‍ നഷ്ടമാകുമ്പോള്‍, ഉദ്യോഗസ്ഥര്‍ ഓരോദിവസവും സമ്പാദിക്കുന്നത് പ്രതിമാസ ശമ്പളത്തേക്കാളിരട്ടിയാണ്. ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടും വിജിലന്‍സ് പരിശോധന കര്‍ശനമാക്കാത്തതാണ് കൈക്കൂലിക്ക് പ്രേരണയാകുന്നത്. ഉദ്യോഗസ്ഥര്‍ക്ക് പുറമെ നികുതിവെട്ടിച്ച് സാധനങ്ങള്‍ കടത്തിക്കൊടുക്കുന്ന സംഘവും പ്രവര്‍ത്തിക്കുന്നു. ഇത്തരക്കാരുടെ വാഹനങ്ങള്‍ വേണ്ടതരത്തില്‍ പരിശോധിക്കാതെ ഉദ്യോഗസ്ഥര്‍ കടത്തിവിടും. അതേസമയം ചെക്ക്പോസ്റ്റ് കടന്നുവരുന്ന പാഴ്സല്‍ ലോറികളില്‍നിന്ന് നികുതിവെട്ടിച്ച് കൊണ്ടുവരുന്ന സാധനങ്ങള്‍ പിടികൂടുന്നത് പതിവാണ്. എന്നാല്‍ പലപ്പോഴും പാഴ്സല്‍ കമ്പനികള്‍ക്ക് ഫൈന്‍ ഈടാക്കി നടപടി അവസാനിപ്പിക്കുകയാണ് പതിവ്. എങ്ങനെ ഇത്തരം വാഹനങ്ങള്‍ അതിര്‍ത്തി കടന്നുവെന്ന പരിശോധനയും അന്വേഷണവും ഉണ്ടാകാറില്ല. ഒരിക്കലും വാഹനത്തിലെ നികുതിവെട്ടിപ്പ് പിടികൂടാനായി സെയില്‍ടാക്സ് വകുപ്പ് പരിശോധന നടത്താറില്ല. എക്സൈസ് പരിശോധനയാണ് മിക്കവാറും നടക്കുന്നത്. കോഴിവാഹനങ്ങള്‍ പിടികൂടി പ്രശസ്തിനേടുന്ന പൊലീസും സെയില്‍ ടാക്സും നികുതിവെട്ടിച്ച് കടത്തുന്ന മറ്റ് വാഹനത്തിന് ഇതേരീതിയില്‍ പരിശോധന നടത്തിയാല്‍ സര്‍ക്കാര്‍ ഖജനാവില്‍ ദിനംപ്രതി ലക്ഷങ്ങളുടെ വരുമാനമുണ്ടാകും. തമിഴ്നാട്ടില്‍നിന്ന് ബില്ളോടുകൂടി വന്ന് നികുതി വെട്ടിപ്പ് നടത്തുന്ന രീതിയുമുണ്ട്. ബില്ല് ചെക്ക്പോസ്റ്റില്‍ പതിക്കാതെ സീല്‍ചെയ്ത് വാങ്ങും. കൊണ്ടുപോകുന്ന വഴിയില്‍ പിടിക്കപ്പെട്ടാല്‍ ഉടനെ ചെക്ക്പോസ്റ്റിലെ ജീവനക്കാരെ പിടിക്കപ്പെട്ട വാഹന ഉടമ വിവരം ധരിപ്പിക്കുന്നതോടെ കമ്പ്യൂട്ടറില്‍ എന്‍ട്രി ചെയ്ത് കൃത്യമായ ബില്ലാക്കും. ബില്ല് കുറച്ച് കാണിച്ച് നികുതി വെട്ടിച്ച് കടത്തുന്ന രീതിയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.