"സന്തോഷി'ക്കാം; ജില്ലയില്‍നിന്ന് നാല് താരങ്ങളുണ്ട്

തിരുവനന്തപുരം: സന്തോഷ്ട്രോഫിയില്‍ കേരളത്തിന്‍െറ തലവര തിരുത്താന്‍ തലസ്ഥാനത്തിന്‍െറ നാല് കടലോരമക്കള്‍. പൊഴിയൂര്‍ സ്വദേശികളായ എസ്. മെല്‍ബിന്‍, എസ്. ലിജോ, എസ്. സീസന്‍, വെട്ടുകാട് സ്വദേശി ജോബി ജെസ്റ്റിന്‍ എന്നിവരാണ് 20 അംഗ സന്തോഷ് ട്രോഫി ടീമില്‍ ജില്ലയില്‍നിന്ന് ഇടംപിടിച്ചിരിക്കുന്നത്. നാലുപേരും മത്സ്യത്തൊഴിലാളി കുടുംബത്തില്‍നിന്നാണ് കേരള ഫുട്ബാളിന്‍െറ അമരത്തേക്ക് വീണ്ടും പന്തു തട്ടുന്നത്. ഇതില്‍ മെല്‍ബിന്‍ മാത്രമാണ് സന്തോഷ് ട്രോഫിയിലെ പുതുമുഖം. പൊഴിയൂരിലെ എസ്.എം.ആര്‍.സി അക്കാദമിയില്‍ ക്ളയോഫാസിന്‍െറ കീഴിലാണ് മെല്‍ബിനും ലിജോയും സീസനും പന്തുതട്ടി പഠിക്കുന്നത്. പൊഴിയൂര്‍ കുളപ്പടി എസ്.ആര്‍ ഹൗസില്‍ സീസനിന് ഇത് രണ്ടാമൂഴമാണ്. കഴിഞ്ഞ വര്‍ഷം സന്തോഷ് ട്രോഫി ദക്ഷിണമേഖല മത്സരത്തില്‍ തെലങ്കാനക്കെതിരെ സീസന്‍ കന്നി ഗോളടിച്ചിരുന്നു. അന്ന് എതിരില്ലാത്ത രണ്ട് ഗോളിനാണ് കേരളം തെലങ്കാനയെ തോല്‍പിച്ചത്. 18ാം വയസ്സില്‍ എസ്.ബി.ടിയില്‍ ജോലി ലഭിച്ച ഈ മധ്യനിര താരത്തിന്‍െറ ഇളയ സഹോദരന്‍ ഷിനു ഇപ്പോള്‍ തമിഴ്നാട് സന്തോഷ് ട്രോഫി ക്യാമ്പിലാണ്. ചിദംബരം യൂനിവേഴ്സിറ്റി കോളജില്‍ ബി.എ ഇംഗ്ളീഷ് സാഹിത്യ വിദ്യാര്‍ഥിയായ ഷിനു മധുരൈ സേതു എഫ്.സിയുടെ കുന്തമുനയാണ്. ജനുവരി രണ്ടിന് തമിഴ്നാട് അന്തിമ ഇലവനെ പ്രഖ്യാപിക്കുമ്പോള്‍ ഷിനുവും ഉണ്ടാകുമെന്നാണ് പിതാവ് സില്‍വപിള്ളയുടെയും മാതാവ് റാണിയുടെയും പ്രതീക്ഷ. എസ്.ബി.ടിയുടെ വന്‍മതിലായ ലിജോക്ക് സന്തോഷ് ട്രോഫിയില്‍ ഇത് മൂന്നാം ഊഴമാണ്. കേരള യൂനിവേഴ്സിറ്റിയുടെ താരമായ ലിജോ 2013ലാണ് എസ്.ബി.ടിയില്‍ കളിക്കാന്‍ തുടങ്ങിയത്. പൊഴിയൂര്‍ സൗത്ത് കൊല്ലങ്കോട് പൊയ്പ്പളി വിളാകത്ത് മത്സ്യത്തൊഴിലാളികളായ സില്‍വ ക്രോസിന്‍െറയും മരിയപുഷ്പത്തിന്‍െറ ആറുമക്കളില്‍ ഏറ്റവും ഇളയവാണ് ലിജോ. സന്തോഷ്ട്രോഫിയില്‍ ആദ്യമായി വലകാക്കാന്‍ ഇറങ്ങുന്നതിന്‍െറ പേടിയൊന്നും മെല്‍ബിന് ഇല്ല. ടീമിലേക്ക് വിളിവരാന്‍ അല്‍പം വൈകിയെന്ന പരിഭവം മാത്രമേ ഈ പൊലീസുകാരനുള്ളൂ. സ്കൂള്‍ തലത്തില്‍ സുബ്രതോകപ്പിലും 2013ല്‍ ക്ളബ് ഫുട്ബാളിലും മികച്ച ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011ലാണ് സ്പോര്‍ട്സ് ക്വോട്ടയിലൂടെ കേരള പൊലീസില്‍ ജോലി ലഭിച്ചത്. ഇപ്പോള്‍ തൃശൂരാണ് ജോലി നോക്കുന്നത്. ശബിരിയാര്‍-ക്ളമന്‍സി ദമ്പതികളുടെ മകനാണ്. വെട്ടുകാട്ട് ജെ.ആര്‍ ഭവനില്‍ ജസ്റ്റിന്‍-റോസമ്മ ദമ്പതികളുടെ മകനായ ജോബി ജസ്റ്റിന് സന്തോഷ്ട്രോഫിയില്‍ മൂന്നാമൂഴമാണ്. രണ്ടുതവണയും പരിക്ക് കാരണം റിസര്‍വ് ബെഞ്ചില്‍ ഇരിക്കേണ്ടി വന്ന ദുഃഖം ഉദ്ഘാടന മത്സരത്തില്‍ പുതുച്ചേരിക്കെതിരെ തീര്‍ക്കണമെന്ന വാശിയുമായാണ് ജോബി കോഴിക്കോട്ടേക്ക് വണ്ടി കയറുന്നത്. കെ.എസ്.ഇ.ബിയുടെ മുന്നേറ്റനിരയില്‍ കളിക്കുന്ന ജോബിക്ക് കേരള ടീമിലും മുന്നില്‍തന്നെയാണ് കോച്ച് വി.പി. ഷാജി സ്ഥാനം നല്‍കിയിരിക്കുന്നത്. പട്ടം വൈദ്യുതി ഭവനിലെ ജീവനക്കാരനായ ഇദ്ദേഹം കേരള യൂനിവേഴ്സിറ്റി ഓള്‍ ഇന്ത്യ ചാമ്പ്യന്‍പട്ടം നേടിയ ടീമിലെ അംഗമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.