പൂന്തുറ: ശുദ്ധജലമില്ലാതെ വലയുകയാണ് തലസ്ഥാനം. ജില്ലയുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നിരവധി പദ്ധതികള്‍ സര്‍ക്കാറുകള്‍ ആവിഷ്കരിച്ചെങ്കിലും പൂര്‍ണതയില്‍ എത്തിയില്ല. പദ്ധതി നടത്തിപ്പിലെ അലംഭാവവും ജലസ്രോതസ്സുകളുടെ മലിനീകരണവും ഡാമുകളുടെ സംഭരണശേഷി നിലനിര്‍ത്താന്‍ ശ്രമിക്കാത്തതും നഗരത്തിലെ കുടിവെള്ളം മുട്ടിച്ചു. ജപ്പാന്‍, ജനുറം കുടിവെള്ള പദ്ധതികള്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇഴഞ്ഞ് നീങ്ങുകയാണ്. വേനല്‍ കനക്കുന്നതോടെ പേപ്പാറ, അരുവിക്കര ഡാമുകളില്‍നിന്ന് ആവശ്യത്തിന് ശുദ്ധജലം നഗരത്തില്‍ എത്തിക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് വാട്ടര്‍ അതോറിറ്റി. പേപ്പാറ ഡാമിന്‍െറ സംഭരണശേഷി ഉയര്‍ത്തണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം അധികൃതര്‍ മുഖവിലയ്ക്ക് എടുക്കാത്തതിന്‍െറ ബുദ്ധിമുട്ടാണ് വരും ദിവസങ്ങളില്‍ അനുഭവിക്കാന്‍ പോകുന്നത്. പുറമേ, അരുവിക്കര ഡാമില്‍ ഇടക്കിടെ ചളി അടിഞ്ഞ് സംഭരണശേഷി കുറയുന്നതും ജലക്ഷാമത്തിനു കാരണമാകുന്നു. വിഴിഞ്ഞം, മലയന്‍കീഴ്, തിരുവല്ലം, പാപ്പനംകോട്, നേമം തുടങ്ങിയ ഭാഗത്തെ കുടിവെള്ള പദ്ധതികള്‍ പലതും അവതാളത്തിലാണ്. വിഴിഞ്ഞം നിവാസികളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ 2013ല്‍ അന്താരാഷ്ട്ര തുറമുഖ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിഴിഞ്ഞം ഇന്‍റര്‍നാഷനല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്‍െറ (വിസില്‍) കുടിവെള്ള പദ്ധതി നടപ്പാക്കിയെങ്കിലും അതും ഇപ്പോള്‍ നിലച്ചു. താല്‍ക്കാലിക പരിഹാരമെന്ന നിലക്ക് മാലിന്യം നിറഞ്ഞ കരമനയാറ്റിലെ വെള്ളം ബ്ളീച്ചിങ് പൗഡര്‍ വിതറിയശേഷമാണ് വിവിധ ഭാഗങ്ങളില്‍ വാട്ടര്‍ അതോറിറ്റി എത്തിക്കുന്നത്. തിരുവല്ലം, പാച്ചല്ലൂര്‍, പുഞ്ചക്കരി, കരുമം ഭാഗത്തെ നൂറിലധികം കുടുംബങ്ങള്‍ക്ക് കുടിവെള്ളത്തിന് കുഴല്‍ക്കിണര്‍ കുഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. വര്‍ഷങ്ങളായി ടാങ്കര്‍ ലോറികളില്‍ എത്തുന്ന വെള്ളം പണം കൊടുത്ത് വാങ്ങിയാണ് തുണികള്‍ അലക്കുന്നതു പോലും. ജില്ലയില്‍ കടുത്ത ജലക്ഷാമം കാരണം ദുരിതം അനുഭവിക്കുന്നതില്‍ ഇതരസംസ്ഥാനക്കാരുമുണ്ട്. കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥങ്ങളിലേക്ക് വിതരണം ചെയ്യുന്നതിന് വെള്ളയമ്പലത്തെ വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തുനിന്ന് ടാങ്കര്‍ലോറികള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യാറുണ്ടെങ്കിലും നഗരത്തിലെ വന്‍കിട ഹോട്ടലുകാര്‍ക്കും ടെക്നോപാര്‍ക്കിലേക്കും മറിച്ചുനല്‍കി അമിത പണം ഈടാക്കുകയാണ് ലോറിക്കാര്‍. നിവലില്‍ ടെക്നോപാര്‍ക്കിന് മാത്രം പ്രതിദിനം രണ്ട് ദശലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമുണ്ട്. ഇനിയും ഈ മേഖലയില്‍ വെള്ളത്തിന്‍െറ ആവശ്യം കൂടാനാണ് സാധ്യത. ഇതു ജല മാഫിയക്ക് കൂടുതല്‍ അവസരത്തിനു വഴി തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.