ആറ്റിങ്ങല്‍: ക്ഷേമപെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ആക്ഷേപം. തിരക്കുള്ള പല സ്ഥാപനങ്ങളിലും ജീവനക്കാരുടെ ജോലി ഭാരം നിലവില്‍തന്നെ കൂടുതലാണ്. ഇതിനിടയിലാണ് ക്ഷേമപെന്‍ഷന്‍ വിതരണ ബാധ്യത കൂടി വന്ന് ചേര്‍ന്നത്. നാമമാത്രമായ കമീഷന്‍ ബാങ്കിന് ലഭിക്കുമെങ്കിലും വിതരണ കാലയളവിലെ ബാങ്കിന്‍െറ പ്രവര്‍ത്തനത്തെ ഇതു സാരമായി ബാധിക്കുന്നുണ്ട്. പെന്‍ഷന്‍ വിതരണം ചെയ്യാനിറങ്ങിയ ജീവനക്കാര്‍ക്ക് ഏറെ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. ഓരോ ദിവസവും രാവിലെ ബാങ്കില്‍നിന്ന് നല്‍കുന്ന തുക തീരുന്നത് വരെയാണ് ജീവനക്കാര്‍ വിതരണം ചെയ്യുന്നത്. ഒരു മേഖലയില്‍ വിതരണം പൂര്‍ത്തിയാക്കി അടുത്ത സ്ഥലത്തത്തെി ഒന്നോ രണ്ടോ പേര്‍ക്ക് പെന്‍ഷന്‍ നല്‍കിക്കഴിയുമ്പോഴേക്കും പണം തീരും. അതോടെ വിതരണം മതിയാക്കി ഇവര്‍ മടങ്ങും. എന്നാല്‍, പലയിടത്തും ജീവനക്കാര്‍ മന$പൂര്‍വം പെന്‍ഷന്‍ നല്‍കാത്തതാണെന്നു പറഞ്ഞ് ജനങ്ങള്‍ തടഞ്ഞുവെക്കുകയും വാക്കേറ്റവും സംഘര്‍ഷവുമുണ്ടാവുകയും ചെയ്യുന്നുണ്ട്. ഓരോ പഞ്ചായത്തിലും 15 മുതല്‍ 25 വരെ വാര്‍ഡുകളുണ്ട്. നഗരസഭകളില്‍ 20മുതല്‍ 50 വരെ വാര്‍ഡുകളുണ്ട് ഓരോ വാര്‍ഡിലും 150 മുതല്‍ 300 വരെ ആളുകള്‍ക്ക് ക്ഷേമപെന്‍ഷനുണ്ടാകും. വാര്‍ഡുകളിലെ എല്ലാ വീടുകളും സഹകരണബാങ്ക് ജീവനക്കാര്‍ക്ക് അറിയില്ല. അതുകൊണ്ടുതന്നെ ഇവര്‍ വാര്‍ഡ് മെംബര്‍മാരുടെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും സഹായം തേടുന്നുണ്ട്. വാര്‍ഡിലെ എല്ലാ ഗുണഭോക്താക്കള്‍ക്കും ലഭ്യമാക്കാന്‍ പ്രതിദിനം അവര്‍ കൊണ്ടുവരുന്ന തുക തികയാറില്ല. വിതരണം ചെയ്യാന്‍ പണം തികയാത്തതിനാല്‍ തങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ടവരുടെ വീടുകളില്‍ വിതരണം ചെയ്യാന്‍ നേതാക്കള്‍ ജീവനക്കാരെ നിര്‍ബന്ധിക്കും. പുരുഷ ജീവനക്കാര്‍ കുറവുളള ബാങ്കുകളില്‍നിന്ന് ഒന്നിലധികം വനിതാ ജീവനക്കാര്‍ ഒരുമിച്ചാണ് പെന്‍ഷനുമായി പോകുന്നത്. ഇതു വിതരണത്തെയും ബാങ്കിന്‍െറ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകളുടെയെല്ലാം ഭരണസമിതികള്‍ ഇടത് വലത് രാഷ്ട്രീയ കക്ഷികളുടെ കൈകളിലാണ്. ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും പ്രത്യക്ഷ രാഷ്ട്രീയ ബന്ധമുള്ളവര്‍തന്നെയാണ്. ഇതു പെന്‍ഷന്‍ വിതരണത്തിന് രാഷ്ട്രീയ നിറം നല്‍കുന്നതായും ആക്ഷേപമുണ്ട്. ബാങ്ക് പ്രവര്‍ത്തനം തുടങ്ങി ജില്ലാ ബാങ്കില്‍നിന്നും പണമെടുത്ത് വന്നാല്‍ മാത്രമേ വിതരണത്തിനുള്ള തുക കൈമാറൂ. വിതരണം പൂര്‍ത്തിയാക്കിയ ശേഷം ബാക്കിയുള്ള തുക തിരിച്ചടച്ച് വിതരണം സംബന്ധിച്ച പട്ടിക തയാറാക്കി എ.ആര്‍ ഓഫിസിലേക്ക് ഇ -മെയില്‍ ചെയ്യണം. ഈ നടപടി സാധാരണ ജോലിയുടെ ഇരട്ടിയാണ്. ഈ ജോലി ചെയ്യാന്‍ ആരംഭിച്ചതോടെ ബാങ്കിലത്തെുന്ന സാധാരണ ഇടപാടുകാര്‍ക്ക് യഥാസമയം ഇടപാട് നടത്തി മടങ്ങാനാവുന്നില്ല. ബാങ്ക് ജീവനക്കാര്‍ പെന്‍ഷന്‍കാരെ കണ്ടത്തൊനും പ്രയാസപ്പെടുന്നുണ്ട്. ഈ നിലക്ക് പോയാല്‍ പെന്‍ഷന്‍ വിതരണം ഓണത്തിനു മുമ്പ് പൂര്‍ത്തിയാക്കാനാവില്ളെന്ന് വിലയിരുത്തപ്പെടുന്നു. കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ക്യാമ്പ് നടത്തിയാണ് പെന്‍ഷന്‍ വിതരണം. ക്യാമ്പിനുള്ളില്‍തന്നെ യൂനിയന്‍ ഫണ്ട് കലക്ഷന്‍ സംവിധാനവും ഉണ്ടാകും. ഇതേ അവസ്ഥ നിലവിലെ പെന്‍ഷന്‍ വിതരണത്തെയും പല ഭാഗത്തും ബാധിച്ചേക്കും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പോസ്റ്റ് ഓഫിസുകളെ പെന്‍ഷന്‍ വിതരണം ഏല്‍പിക്കുന്നതില്‍ നിന്നൊഴിവാക്കിയാണ് സഹകരണ ബാങ്കുകളെ ജോലി ഏല്‍പിച്ചത്. ചിങ്ങം ഒന്നിന് പെന്‍ഷന്‍ വിതരണം തുടങ്ങിയെങ്കിലും പല ബാങ്കിനും ആവശ്യത്തിനുളള തുകയുടെ 25 ശതമാനം മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. സെപ്റ്റംബര്‍ അഞ്ചിനു മുമ്പ് വിതരണം പൂര്‍ത്തിയാക്കണമെന്ന ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിട്ടുണ്ട്. വിതരണത്തിനാവശ്യമായ പണം ലഭിക്കാതെ ഇതെങ്ങനെ സാധ്യമാകുമെന്ന ആശങ്കയിലാണ് ബാങ്കുകള്‍. ശനിയാഴ്ച പെന്‍ഷന്‍ വിതരണം ചെയ്യാന്‍ പല ബാങ്കുള്‍ക്കും കഴിഞ്ഞില്ല. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നാലാം ശനിയാഴ്ച അവധിയായതിനാല്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യാനുളള പണമെടുക്കാന്‍ കഴിഞ്ഞില്ല. ഇതു നിമിത്തം പലയിടത്തും ആളുകള്‍ ബാങ്കുകളിലത്തെി ജീവനക്കാര്‍ക്കു നേരെ കയര്‍ത്തിട്ടുണ്ട്. ജീവനക്കാര്‍ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ബാങ്ക് ഭരണ സമിതികളെല്ലാം താല്‍പര്യപൂര്‍വമാണ് ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.