പഞ്ചായത്ത് പൂട്ടിച്ച ഓയില്‍ കമ്പനി തുറക്കാന്‍ ശ്രമം

പാറശ്ശാല: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ കുഴിഞ്ഞാന്‍വിളയിലെ സതേണ്‍ ഓയില്‍ ഫാക്ടറി വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാന്‍ ശ്രമം. പലതവണ പ്രവര്‍ത്തനാനുമതിക്കായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും അധികൃതര്‍ നല്‍കിയിരുന്നില്ല. എന്നാല്‍ രണ്ടുദിവസം മുമ്പ് പഞ്ചായത്തിന് ജില്ലാ വ്യവസായ കേന്ദ്രത്തില്‍നിന്ന് ലഭിച്ച കത്തില്‍ കമ്പനിക്ക് പ്രവര്‍ത്തനാനുമതി അടിയന്തരമായി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു. സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ലൈസന്‍സ് നല്‍കണമെന്ന് നിര്‍ദേശിക്കുന്ന ഭാഗം കൈകൊണ്ട് എഴുതിയ നിലയിലാണ്. എന്നാല്‍ കവറിങ് ലെറ്റര്‍ പ്രിന്‍റ് ചെയ്തതുമാണ്. പഞ്ചായത്തില്‍നിന്ന് അനുമതി ലഭിക്കാത്തതിനാലാണ് അധികൃതര്‍ വ്യവസായ വകുപ്പിന്‍െറ ഏകജാലക ക്ളിയറന്‍സ് ബോര്‍ഡിനെ സമീപിച്ചത്. കഴിഞ്ഞ 12ന് ബോര്‍ഡിന്‍െറ യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചുവരുത്തുകയും ലൈസന്‍സ് നല്‍കാത്തതിന് വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാല്‍ പ്രകമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ കേസ് നിലവിലുള്ളതായും കോടതിവിധി വന്നശേഷം തീരുമാനം എടുക്കാമെന്നും സെക്രട്ടറി അറിയിച്ചു. അതെ സമയം ഹൈകോടതിയില്‍ ഇന്‍ററിങ് അപ്പീല്‍ ഫയല്‍ ചെയ്യാന്‍ ചെയര്‍മാന്‍ നിര്‍ദേശിക്കുകയായിരുന്നു. കീഴത്തോട്ടം വാര്‍ഡിലെ കുഴിഞ്ഞാന്‍വിളയിലാണ് സതേണ്‍ ഓയില്‍ റിഫണിറി എന്ന സ്ഥാപനം പഞ്ചായത്തിന്‍െറ അനുമതി പോലുമില്ലാതെ പ്രവര്‍ത്തിച്ചുവന്നിരുന്നത്. കരി ഓയല്‍ കൊണ്ടുവന്ന് ശുദ്ധീകരിച്ച് അതില്‍നിന്ന് ലൂബ്രിക്കേറ്റുകളാണ് ഉല്‍പാദിപ്പിക്കുന്നത്. ഇവിടെ നിന്ന് വന്‍തോതില്‍ മാലിന്യം അന്തരീക്ഷത്തിലേക്ക് പുകക്കുഴല്‍ വഴി പുറത്തേക്ക് വിട്ടിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് സമരം ആരംഭിക്കുകയും 2011 ഡിസംബര്‍ ഒമ്പതിന് പഞ്ചായത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനം നിര്‍ത്തിവെപ്പിക്കുകയും ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.