ആറ്റിങ്ങല്‍: മുതലപ്പൊഴി ബോട്ടപകടത്തില്‍ കാണാതായ ആളെ രണ്ടാം ദിനവും കണ്ടത്തൊനായില്ല. തീരത്ത് രണ്ടാം ദിവസവും റോഡ് ഉപരോധവും പ്രതിഷേധങ്ങളും. ഉന്നതോദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് വൈകീട്ടോടെ റോഡ് ഉപരോധ സമരം അവസാനിപ്പിച്ചു. മുതലപ്പൊഴി ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാളെ കാണാതാവുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് ആരംഭിച്ച റോഡ് ഉപരോധമാണ് രണ്ടാം ദിവസവും തുടര്‍ന്നത്. കഠിനംകുളം ചാന്നാങ്കര നിഷാകോട്ടേജില്‍ ജോണ്‍സനെയാണ് (55) കായലില്‍ കാണാതായത്. ജോണ്‍സനു വേണ്ടി ശനിയാഴ്ചയും പൊഴിമുഖത്ത് തിരച്ചില്‍ തുടര്‍ന്നിരുന്നു. എന്നാല്‍, കണ്ടത്തൊനായില്ല. മത്സ്യത്തൊഴിലാളികളും രക്ഷാസേനയും നടത്തിയ തിരച്ചില്‍ വിഫലമായിരുന്നു. അപകടത്തെതുടര്‍ന്ന് ഹാര്‍ബര്‍ നിര്‍മാണത്തിലെ അശാസ്ത്രീയതയും ഡ്രഡ്ജിങ് വൈകുന്നതിലും പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ വിവിധ സ്ഥലങ്ങളിലായി നടത്തിയ റോഡ് ഉപരോധം രണ്ടാം ദിവസവും തുടര്‍ന്നിരുന്നു. പൊലീസ് വാഹനങ്ങളും ഉദ്യോഗസ്ഥ സംഘങ്ങളുടെ വാഹനങ്ങളും ഉള്‍പ്പെടെ കടന്നുപോകാന്‍ അനുവദിച്ചില്ല. ഉച്ചയോടെ ഡെപ്യൂട്ടി സ്പീക്കര്‍ ഉന്നതോദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മത്സ്യത്തൊഴിലാളികളോട് ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയെ തുടര്‍ന്നാണ് ഉപരോധ സമരങ്ങള്‍ അവസാനിപ്പിക്കാന്‍ തീരവാസികള്‍ തീരുമാനിച്ചത്. അപകടങ്ങള്‍ക്ക് കാരണമായ മണല്‍ത്തിട്ടയും പാറകളും ഒഴിവാക്കാന്‍ ഡ്രഡ്ജിങ് അടിയന്തരമായി ആരംഭിക്കാമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉറപ്പുനല്‍കി. ചര്‍ച്ചയില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി.ശരത്ചന്ദ്രപ്രസാദ്, എം.എ. ലത്തീഫ്, എ.ഡി.എം ജോണ്‍സാമുവല്‍, ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടികലക്ടര്‍ രാജന്‍ സഹായി, തഹസില്‍ദാര്‍ ക്ളമന്‍റ് ലോപ്പസ്, ഡെപ്യൂട്ടി സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബി.വി.ടി. കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു. അപകടത്തില്‍ പരിക്കേറ്റ ശിങ്കാരത്തോപ്പ് മരിയാപുരം സ്വദേശി എഡിസണ്‍ (42), ആലപ്പുഴ സ്വദേശി തങ്കച്ചന്‍ (45), പൂത്തുറ സ്വദേശി ചാള്‍സ് (45), പൂത്തുറ സ്വദേശി തോമസ് നെപ്പോളിയന്‍ (45), ശിങ്കാരത്തോപ്പ് സ്വദേശി ബെനഡി (45) എന്നിവര്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.