ടിപ്പറുകളുടെ മരണപ്പാച്ചില്‍: പരാതിയുമായി നാട്ടുകാര്‍

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖപദ്ധതിയുടെ പുലിമുട്ടിനായി കൂറ്റന്‍ പാറകളുമായി അമിതവേഗത്തില്‍ പായുന്ന ടിപ്പറുകള്‍ മൂലം പ്രദേശവാസികള്‍ വീടിന് പുറത്തിറങ്ങാന്‍ ഭയക്കുന്നു. സ്കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ഓടിക്കരുതെന്ന നിയമം കാറ്റില്‍പറത്തി പായുകയാണ് ടിപ്പറുകള്‍. ഇത്തരം ലോറികള്‍ക്കെതിരെ നടപടി എടുക്കാതെ വഴുതിമാറുകയാണ് അധികൃതര്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയുടെ പുലിമുട്ടിനായി വെള്ളറടയില്‍നിന്നാണ് പാറ കൊണ്ടുവരുന്നത്. വെള്ളറട, മാറനല്ലൂര്‍, അരുവിക്കര എന്നിവിടങ്ങളില്‍ നിന്നാണ് തുറമുഖത്തിനായി പാറകള്‍ ശേഖരിക്കുന്നത്. ലോറികളുടെ മുന്നില്‍ അദാനി ഗ്രൂപ്പിന്‍െറ പേരെഴുതിയ ഫ്ളക്സുകളുണ്ട്. ബാലരാമപുരം, ഉച്ചക്കട പോലുള്ള പ്രധാന ജങ്ഷനുകളിലൂടെയും നിരവധി സ്കൂളുകള്‍ സ്ഥിതി ചെയ്യുന്ന വഴിയിലൂടെയുമാണ് ടിപ്പറുകള്‍ പായുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഭാഗ്യം കൊണ്ടുമാത്രമാണ് വലിയ അപകടം ഒഴിവായതെന്നും പ്രദേശവാസികള്‍ പറയുന്നു. ബാലരാമപുരം എരുത്താവൂര്‍ ഭാഗത്ത് വാഹനപരിശോധനക്കിടെ പൊലീസ് കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്ന് ലോറി നിയന്ത്രണം വിട്ട് വൈദ്യുതിക്കാലില്‍ ഇടിച്ചിരുന്നു. അമിതവേഗത്തിലുള്ള വാഹനം വെട്ടിത്തിരിയുമ്പോള്‍ മറിയാന്‍ സാധ്യത കൂടുതലാണെന്നും പാറ റോഡിലേക്ക് വീണ് വന്‍ അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു. ടിപ്പറുകളുടെ മരണഓട്ടത്തിനെതിരെ പരാതി നല്‍കാന്‍ നാട്ടുകാര്‍ തയാറെടുക്കുകയാണ്. പരിഹാരം ഉണ്ടായില്ളെങ്കില്‍ ടിപ്പറുകള്‍ തടഞ്ഞിടാനാണ് തീരുമാനമെന്ന് അവര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.