ആറുകോടിയുടെ മൊബൈല്‍ വാക്സിനേഷന്‍ യൂനിറ്റ്: ഒടുവില്‍ കോര്‍പറേഷന്‍ ഉണര്‍ന്നു

തിരുവനന്തപുരം: അക്രമകാരികളെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്ന നായ്ക്കളെ വകവരുത്തുമെന്ന് മേയര്‍ അഡ്വ.വി.കെ. പ്രശാന്ത്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പുല്ലുവിള സ്വദേശിനി സില്‍വമ്മക്ക് ജീവന്‍ നഷ്ടമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച തെരുവുനായ്ക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആസൂത്രണം ചെയ്യാന്‍ മേയറുടെ നേതൃത്വത്തില്‍ നടന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. വന്ധ്യംകരണം ഊര്‍ജിതമാക്കും. അതിനായി ആറുകോടിയുടെ മൊബൈല്‍ വാക്സിനേഷന്‍ യൂനിറ്റ് ഒരുമാസത്തിനകം പ്രവര്‍ത്തനം തുടങ്ങും. നഗരസഭയില്‍ ഇനി രാത്രികാലങ്ങളിലും തെരുവുനായ്ക്കളെ പിടിക്കും. ഇപ്പോള്‍ രണ്ടു ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ദിവസവും പത്തു നായ്ക്കളെയാണ് വന്ധ്യംകരിക്കുന്നത്. ഇത് വര്‍ധിപ്പിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ പേട്ട മൃഗാശുപത്രിയില്‍ ഏര്‍പ്പെടുത്തും. ഇപ്പോള്‍ ഓരോ ഡോക്ടര്‍ക്കും 25,000 രൂപ വീതമാണ് ശമ്പളമായി നല്‍കുന്നത്. ഇനിമുതല്‍ അധികമായി വന്ധ്യംകരിക്കുന്ന ഓരോ നായക്കും 250 രൂപ വീതം അധികമായി നല്‍കും. കൂടുതല്‍ നായപിടിത്തക്കാരെ നിയമിക്കും. കൂടുതല്‍ പാരാമെഡിക്കല്‍ സ്റ്റാഫിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകള്‍ കോര്‍പറേഷന്‍ ലഭ്യമാക്കും. മൊബൈല്‍ പരാതികള്‍ കൂടുതലുള്ള സ്ഥലങ്ങളിലേക്കാകും വാക്സിനേഷന്‍ യൂനിറ്റ് ആദ്യം പോകുക. വന്ധ്യംകരിച്ച നായ്ക്കളെ ഇതിനോട് ചേര്‍ന്നുതന്നെ പുനരധിവസിപ്പിക്കും. ഇതുവരെ 1041 നായ്ക്കളെ വന്ധ്യംകരണം നടത്തി. ഇതോടൊപ്പം കൂടുതല്‍ മൃഗഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനയോട് അഭ്യര്‍ഥിക്കും. നായപിടിത്തക്കാരുടെ വേതനം 600 രൂപയാക്കി വര്‍ധിപ്പിച്ചു. കുറഞ്ഞത് 10 നായ്ക്കളെയെങ്കിലും ഇനി ഓരോരുത്തരും പിടിക്കണം. മാംസമാലിന്യങ്ങളാണ് നായ്ക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. അതിനാല്‍ മാംസവ്യാപാരം നടത്തുന്ന കടകളില്‍ നഗരസഭ ലോഗ്ബുക് വെക്കും. മാലിന്യം ശേഖരിക്കുന്ന സ്ഥാപനത്തിനും ലോഗ്ബുക് നല്‍കും. ഓരോ കടയും പ്രതിദിനം ഉല്‍പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ ലോഗ്ബുക്കില്‍ കൃത്യമായി രേഖപ്പെടുത്തിയില്ളെങ്കില്‍ ലൈസന്‍സ് റദ്ദാക്കും. തെരുവുനായ്ക്കള്‍ക്കെതിരെയുള്ള നടപടികള്‍ ഏകോപിപ്പിക്കാന്‍ നഗരസഭ ഹെല്‍ത്ത് ഓഫിസറെയും അഡീഷനല്‍ ഹെല്‍ത്ത് ഓഫിസറെയും ചുമതലപ്പെടുത്തി. ദിവസവും ഇവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. നിയമാനുസൃതമായ വാക്സിനേഷന്‍ എടുക്കാത്ത നായ്ക്കള്‍ക്ക് ഇനി ലൈസന്‍സ് നല്‍കില്ല. വാക്സിനേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍, ബസ് ടെര്‍മിനല്‍, ടെക്നോപാര്‍ക്ക് തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ നായപിടിത്തം കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും മേയര്‍ പറഞ്ഞു. മേയര്‍ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ. ശ്രീകുമാര്‍ സെക്രട്ടറി എം. നിസാറുദ്ദീന്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, ഡോഗ് സ്ക്വാഡ് ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.