പത്ത് കിലോ കഞ്ചാവുമായി തേനിസ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം: കഞ്ചാവ് മൊത്തവില്‍പനക്കാരന്‍ പിടിയില്‍. തമിഴ്നാട് തേനി സ്വദേശി മുരൈപാണ്ഡ്യനാണ് (59) സിറ്റി ഷാഡോ പൊലീസിന്‍െറ പിടിയിലായത്. ജില്ലയിലെ വിദ്യാലയങ്ങളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്നവരെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജാജി നഗര്‍ ഫയര്‍ സ്റ്റേഷന് സമീപത്തുവെച്ച് പിടിയിലാകുന്നത്. അടുത്തകാലത്ത് പൊലീസ് പിടികൂടിയ ദമ്പതിമാര്‍ അടക്കമുള്ള ചില്ലറവില്‍പനക്കാരില്‍നിന്ന് കിട്ടിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് മൊത്ത വിതരണശൃംഖലയെക്കുറിച്ച് അന്വേഷണം ശക്തമാക്കിയത്. ആന്ധ്രയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങുന്ന ഇയാള്‍ കിലോയ്ക്ക് പതിനാറായിരം രൂപക്കാണ് ഇവിടത്തെ കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നതെന്ന് പൊലീസിനോട് പറഞ്ഞു. വരുംദിവസങ്ങളിലും മയക്കുമരുന്ന് സംഘങ്ങളെ പിടികൂടുന്നതിന് ശക്തമായ അന്വേഷണം തുടരുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമീഷണര്‍ വി. സുരേഷ്കുമാര്‍, എസ്.ഐ ഷാഫി ബി.എം, എസ്.ഐ രാധാകൃഷ്ണന്‍, സി.പി.ഒ വിനോദ്, ഷാഡോ പൊലീസുകാരായ എ.എസ്.ഐ ഗോപകുമാര്‍, യശോധരന്‍, അരുണ്‍, രഞ്ജിത്, ജയകൃഷ്ണന്‍, അതുന്‍ തുടങ്ങിയവര്‍ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.