ബസുകള്‍ക്ക് വാതില്‍ നിര്‍ബന്ധം; ഓടുന്നത് കെട്ടിവെച്ചും ഊരിമാറ്റിയും

തിരുവനന്തപുരം: സിറ്റി ബസുകളില്‍ രണ്ടുവാതിലുകളും നിര്‍ബന്ധമാക്കി ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ ഉത്തരവുണ്ടെങ്കിലും ‘തുറന്നോടുന്ന’ ബസുകള്‍ പതിവ് കാഴ്ചയാകുന്നു. ഡോറുകള്‍ കെട്ടിവെച്ച് സര്‍വിസ് നടത്തരുതെന്ന നിര്‍ദേശത്തിനും പുല്ലുവില. ജീവനക്കാരെ കുറക്കുന്നതിന് ചെയ്യുന്ന ഈ കുറുക്കുവഴി അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. സ്കൂള്‍ സമയങ്ങളിലാണ് ഈ അപകടയാത്ര ഏറെയും. തിങ്ങിനിറഞ്ഞ ബസുകള്‍ ഡോറില്ലാതെ ചീറിപ്പായുമ്പോഴും അധികൃതര്‍ കാഴ്ചക്കാരാവുകയാണ്. നഗരത്തില്‍ സര്‍വിസ് നടത്തുന്ന ചില സിറ്റി ബസുകള്‍ക്ക് രണ്ടുവശത്തും ഡോറുണ്ടാകാറില്ല. ചിലതിന് പിന്‍ഭാഗത്ത് ഡോറുണ്ടെങ്കിലും മിക്കവക്കും മുന്‍ഭാഗത്ത് ഡോറില്ല. ഇവിടെ ഡോര്‍ വെച്ചാല്‍ ഒരു ജീവനക്കാരനെ നിയമിക്കേണ്ടിവരും എന്നതിനാലാണ് ഡോറില്ലാതെ സര്‍വിസ് നടത്താന്‍ ഉടമകള്‍ തയാറാകുന്നത്. സിറ്റി ബസുകള്‍ ഡോര്‍ അഴിച്ചുവെച്ച് ഓടുന്നതുപോലെ തന്നെയാണ് ഓട്ടോമാറ്റിക് ഡോറുകളുള്ള ബസുകളും വരുത്തിവെക്കുന്ന പ്രശ്നങ്ങള്‍. ഇത്തരം ഡോറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള മടികാരണം ജീവനക്കാര്‍ അവ തുറന്നിട്ട് യാത്രചെയ്യുകയാണ്. ബസിന്‍െറ വാതില്‍പ്പടിയില്‍ ആളുകള്‍ തിങ്ങിനില്‍ക്കുമ്പോള്‍ ഇത്തരം ഡോറുകള്‍ തുറക്കാനും അടയ്ക്കാനും പ്രയാസം നേരിടും. ഇതുകൊണ്ടാണ് പലപ്പോഴും ഇത്തരം ഡോറുകള്‍ തുറന്നിടുന്നത്. നഗരത്തില്‍ സ്കൂള്‍ കൂട്ടികളടക്കം വാതിലില്ലാത്ത ബസുകളില്‍ തൂങ്ങിയാണ് പോകാറുള്ളത്. ബ്രേക്കിടുകയോ കൈയുടെ പിടിത്തം വിടുകയോ ചെയ്താല്‍ യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചുവീഴുന്ന സ്ഥിതിയാണ്. പൊലീസും മോട്ടോര്‍ വാഹനവകുപ്പും ഇത്തരം ബസുകള്‍ക്കെതിരെ നടപടിയുമെടുക്കുന്നില്ല. വാതിലുകളില്ലാത്ത ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കരുതെന്ന് നേരത്തെ മനുഷ്യാവകാശ കമീഷന്‍ ഉത്തരവുണ്ടായിരുന്നു. നിലവില്‍ ഓടുന്ന ബസുകളില്‍ എമര്‍ജന്‍സി വാതിലുകളും കുറവാണ്. മറ്റ് നിയമലംഘനങ്ങളില്‍ സ്വകാര്യ ബസുകള്‍ക്കൊപ്പം കെ.എസ്.ആര്‍.ടി.സി ബസുകളുമുണ്ട്. നഗരത്തില്‍ പൊലീസ് വക അനൗണ്‍സ്മെന്‍റ് നിര്‍ണിത ജങ്ഷനുകളില്‍ മുറപോലെ തുടരുന്നുണ്ടെങ്കിലും പലരും ഇതൊന്നും കേട്ടതായി ഭാവിക്കാറില്ല. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള ചുവന്ന വെളിച്ചം തെളിഞ്ഞാല്‍ ബസുകള്‍ സീബ്ര ലൈനും കടന്നാണ് നിര്‍ത്തുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകളാണ് ഇക്കാര്യത്തില്‍ മുന്നില്‍. മറ്റ് വാഹനങ്ങള്‍ ഏര്‍പ്പെടുന്ന ഗതാഗതകുറ്റങ്ങള്‍ നിരീക്ഷണ കാമറകള്‍ പകര്‍ത്തി കണ്‍ട്രോള്‍ റൂമില്‍ എത്തിക്കുന്ന മുറക്ക് കൈയോടെ പിഴയടക്കമുള്ള നടപടികളുണ്ടാകാറുണ്ട്. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ കാര്യത്തില്‍ പിഴയടങ്ങിയ നോട്ടീസ് കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്തേക്ക് അയക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതില്‍ തുടര്‍നടപടികളുണ്ടാകാറുണ്ടോ എന്നത് അജ്ഞാതവും. അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരില്‍ 40 ശതമാനവും കാല്‍നടയാത്രക്കാരാണ്. 28 ശതമാനം ബൈക്ക് യാത്രികര്‍ക്കും എട്ടു ശതമാനം സൈക്കിള്‍ യാത്രികര്‍ക്കും ഏഴു ശതമാനം ബസ് യാത്രികര്‍ക്കും അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.