ഭക്തിസാന്ദ്രമായി നിറപുത്തരി ചടങ്ങ്

തിരുവനന്തപുരം: ഭക്തിനിറവില്‍ ക്ഷേത്രങ്ങളില്‍ നിറപുത്തരി ചടങ്ങുകള്‍ നടന്നു. നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ നിറപുത്തരി ചടങ്ങുകള്‍ക്കുള്ള തിരക്കിലായിരുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ 5.30നാണ് ചടങ്ങുകള്‍ നടന്നത്. പത്മതീര്‍ഥക്കുളത്തിലെ മണ്ഡപത്തില്‍ എത്തിച്ച് പൂജിച്ച കതിരുകള്‍ അവിശ്രവണ മണ്ഡപത്തിലേക്ക് മാറ്റിയശേഷമാണ് പൂജകള്‍ക്ക് തുടക്കമായത്. കീഴ്ശാന്തിമാര്‍ കൊണ്ടുവന്ന നെല്‍ക്കതിരുകള്‍ പെരിയനമ്പി വാരിക്കാട് വാസുദേവന്‍ നാരായണന്‍ പുണ്യാഹപൂജ നടത്തി. തുടര്‍ന്ന് കതിരുകള്‍ ഭഗവാന് സമര്‍പ്പിച്ചു. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. കരിക്കകം ചാമുണ്ഡിക്ഷേത്രത്തില്‍ മേല്‍ശാന്തി കണ്ണന്‍പോറ്റി നേതൃത്വം നല്‍കി. ക്ഷേത്രംവക പാടത്ത് കൊയ്തെടുത്ത കതിരുകളാണ് പൂജക്ക് ഉപയോഗിച്ചത്. കൊഞ്ചിറവിള ഭഗവതിക്ഷേത്രത്തില്‍ മേല്‍ശാന്തി ഇ. കൃഷ്ണന്‍ നമ്പൂതിരി നേതൃത്വം നല്‍കി.മുക്കോലക്കല്‍ ഭഗവതിക്ഷേത്രം, ഗാന്ധാരി അമ്മന്‍കോവില്‍, മൊട്ടമൂട് മേലാങ്കോട് ക്ഷേത്രം, പെരുന്താന്നി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മുട്ടത്തറ വടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, ചിറക്കല്‍ മഹാവിഷ്ണുക്ഷേത്രം, പഴഞ്ചിറ ദേവീക്ഷേത്രം, പഴവങ്ങാടി ഗണപതിക്ഷേത്രം, പരുത്തിക്കുഴി ബാലകൃഷ്ണസ്വാമിക്ഷേത്രം തുടങ്ങി പ്രധാന ക്ഷേത്രങ്ങളെല്ലാം നിറപുത്തരി ആഘോഷിച്ചു. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തി വി. പത്മകുമാര്‍ പോറ്റിയുടെ നേതൃത്വത്തില്‍ കര്‍മങ്ങള്‍ നടന്നു.രാവിലെ 6.30 മുതല്‍തന്നെ ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചിരുന്നു. പൂജിച്ച നെല്‍ക്കതിരും പുത്തരി നിവേദ്യവും ശ്രീകോവിലിനുള്ളിലേക്ക് എഴുന്നള്ളിച്ചാണ് സമര്‍പ്പണചടങ്ങുകള്‍ നടന്നത്. തുടര്‍ന്ന് നെല്‍ക്കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കി. പൂജകള്‍ക്കും നെല്‍ക്കതിര്‍ വാങ്ങാനുമായി വലിയ തിരക്കാണ് ക്ഷേത്രങ്ങളിലുണ്ടായത്. ക്ഷേത്രങ്ങളില്‍ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.