‘കാനന’പാതയില്‍നിന്ന് മോചനമില്ലാതെ കാഞ്ചിനട വാസികള്‍

വെഞ്ഞാറമൂട്: നട്ടുച്ചക്കുപോലും ഇരുളടഞ്ഞ വനത്തിലെ വഴിയില്‍കൂടി നടന്നുപോകുന്ന കാഞ്ചിനട, മോട്ടോറ്റുകാല, വട്ടപ്പുല്‍, ചെമ്പന്‍കോട് നിവാസികള്‍ക്ക് ദുരിതനാളുകള്‍. റൂട്ടില്‍ ബസ് സര്‍വിസുകള്‍ അനുവദിക്കാനുള്ള ദയ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമോ എന്നാണ് ഇവരുടെ ചോദ്യം. രാവിലെയുള്ള ഏക ബസ് സര്‍വിസ് ലാഭത്തിലാണെങ്കിലും അധികൃതരുടെ ഇടപെടല്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കാന്‍ കെ.എസ്.ആര്‍.ടി.സിയും മടിക്കുന്നു. സ്കൂള്‍ കുട്ടികളും വയോധികരും അടക്കം നൂറുകണക്കിന് പേരാണ് ദിവസേന നാല് കിലോമീറ്റര്‍ ദൂരം വനത്തിലൂടെ നടന്ന് ഭരതന്നൂരും പാങ്ങോടും പോകുന്നത്. കാട്ടുപന്നികളുടെ ആക്രമണവും സാമൂഹികവിരുദ്ധശല്യവും നാട്ടുകാരില്‍ പ്രത്യേകിച്ച് കുട്ടികളിലടക്കം പേടിയുണ്ടാക്കുന്നു. ഭരതന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സര്‍ക്കാര്‍ ആശുപത്രി, ചന്ത, പാങ്ങോട് പഞ്ചായത്ത്, വില്ളേജ് ഓഫിസുകള്‍ തുടങ്ങി ഏത് കാര്യത്തിനും നടന്നുവേണം പോകാന്‍. നിലവില്‍ കൊച്ചാലുംമൂട് വരേയും കല്ലറ നിന്ന് ചടയന്‍മുക്ക് വരെയും ബസുകള്‍ വരുന്നുണ്ട്. ഇവയില്‍ ചിലതിനെ പാങ്ങോട്, കൊച്ചാലുംമൂട്, കാഞ്ചിനട എല്‍.പി.എസ് ചടയന്‍മുക്ക് കല്ലറ ചെയിന്‍ സര്‍വിസ് ആക്കിയാല്‍ പ്രദേശവാസികള്‍ക്ക് ഗുണം ചെയ്യും. പൊതുവേ ജനസാന്ദ്രതയേറിയ റൂട്ട് ആയതിനാല്‍ നഷ്ടവും ഉണ്ടാകില്ല. മുമ്പ് പലതവണ ഇക്കാര്യം ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല. പാങ്ങോട് പഞ്ചായത്തും വാമനപുരം എം.എല്‍.എയും വിഷയത്തില്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.