കശുവണ്ടിത്തൊഴിലാളികള്‍ വറുതിയില്‍

കല്ലമ്പലം: തോട്ടയ്ക്കാട് നഗരൂര്‍ മേഖലയിലെ രണ്ട് ഡസനോളം കശുവണ്ടി ഫാക്ടറികളില്‍ ഒരുവര്‍ഷത്തോളമായി ജോലിയില്ലാതായതോടെ തൊഴിലാളികുടുംബങ്ങള്‍ വറുതിയിലായി. ഓണം പടിവാതില്‍ക്കലത്തെിയിട്ടും ഫാക്ടറികള്‍ തുറക്കാന്‍ ഉടമകളോ സര്‍ക്കാറോ നടപടിയെടുക്കാത്തത് മൂലം ആയിരക്കണക്കിന് തൊഴിലാളികുടുംബങ്ങള്‍ പട്ടിണിയുടെ വക്കിലാണ്. കരവാരം, നഗരൂര്‍ പഞ്ചായത്തുകളിലെ രണ്ടുഡസനോളം കശുവണ്ടി ഫാക്ടറികളില്‍ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. നാമമാത്രമായി തുറന്നുപ്രവര്‍ത്തിക്കുന്നതാകട്ടെ തൊഴിലാളികളെ കുറച്ച് യന്ത്രവത്കരണത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. കശുവണ്ടി വറുത്ത് തല്ലി വേര്‍തിരിച്ചെടുത്തിരുന്ന പരമ്പരാഗത സമ്പ്രദായം ഉപേക്ഷിച്ച് കശുവണ്ടി പുഴുങ്ങി മുറിച്ച് ബോര്‍മയില്‍ കയറ്റി വറുത്ത് വേര്‍തിരിച്ചെടുക്കുന്നതുവരെയുള്ള ജോലികള്‍ യന്ത്രവത്കരണം മൂലം എളുപ്പത്തില്‍ നടക്കുമെന്നതിനാലാണ് തൊഴിലാളികളെ കുറച്ചുകൊണ്ടുവരാന്‍ ഫാക്ടറി ഉടമകള്‍ നീക്കമാരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് സര്‍ക്കാറും തൊഴിലുടമകളും തൊഴിലാളി പ്രതിനിധികളും തമ്മിലുണ്ടാക്കിയ ശമ്പളവര്‍ധനയുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാതെ മാനേജ്മെന്‍റുകള്‍ ഏകപക്ഷീയമായി പിന്മാറിയതോടെയാണ് മേഖലയിലെ തൊഴിലാളികള്‍ പട്ടിണിയിലായത്. ഓണമടുക്കുമ്പോഴെങ്കിലും നിശ്ചിത തൊഴില്‍ദിനങ്ങള്‍ മുന്‍കാലങ്ങളില്‍ തൊഴിലാളികള്‍ക്ക് ലഭിക്കുമായിരുന്നു. ഈ തൊഴില്‍ ദിനങ്ങളും അതോടനുബന്ധിച്ച് ലഭിക്കുമായിരുന്ന മറ്റ് ആനുകൂല്യങ്ങളും ഈ വര്‍ഷം തൊഴിലാളികള്‍ക്ക് ലഭിക്കില്ളെന്നുറപ്പായി. ഓണക്കാലത്തെങ്കിലും ലഭ്യമാകുമായിരുന്ന ആനുകൂല്യങ്ങളും ലഭിക്കില്ളെന്നുറപ്പായതോടെ തൊഴിലാളികള്‍ സമരമുഖത്താണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.